മൂന്നാർ: റവന്യു വകുപ്പിനെതിരെ വ്യാപക പരാതിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പതിവുതെറ്റിച്ച് ആമുഖം അവതരിപ്പിച്ചും നിവേദനത്തിൽ ഒപ്പിട്ടവരുടെ പേര് വായിച്ചറിയിച്ചും മൂന്നാർ സർവകക്ഷിയോഗത്തിൽനിന്ന് വിട്ടുനിന്ന റവന്യൂമന്ത്രിക്കും സി.പി.െഎക്കും പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
യോഗം വിളിക്കേണ്ടെന്ന് നിലപാടെടുത്ത സി.പി.െഎയുടെ പ്രതിനിധികൾകൂടി ആവശ്യപ്പെട്ടതിനെതുടർന്നാണ് യോഗം ചേരുന്നതെന്നതായിരുന്നു നിവേദനത്തിൽ ഒപ്പിട്ടവരുടെ പേരുവിവരപട്ടിക മുഴുവനും വായിച്ച് മുഖ്യമന്ത്രി സ്ഥാപിച്ചത്. സാധാരണ സർവകക്ഷിയോഗങ്ങൾ കഴിഞ്ഞശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതും തീരുമാനങ്ങൾ വിശദീകരിക്കുന്നതും.
എന്നാൽ, ശനിയാഴ്ച ചേർന്ന യോഗത്തിൽ ആദ്യംതന്നെ മാധ്യമങ്ങൾക്ക് യോഗത്തിൽ പ്രവേശനം നൽകുകയും മുഖ്യമന്ത്രിയുടെ ആമുഖം മുഴുവൻ റിപ്പോർട്ട് ചെയ്യാൻ അനുവാദം നൽകുകയും ചെയ്തു. സർവകക്ഷിയോഗം വീണ്ടും വിളിക്കാനുണ്ടായ സാഹചര്യം വിശദമാക്കിയായിരുന്നു മുഖ്യമന്ത്രി ആമുഖം തുടങ്ങിയതെങ്കിലും ഫലത്തിൽ സി.പി.െഎക്കുള്ള മറുപടി പറയാതെ പറയുകയായിരുന്നു.
ഇടുക്കി പ്രശ്നത്തിൽ മാർച്ച് 27ന് എം.എൽ.എമാരും എം.പിയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിനുശേഷം പ്രശ്നങ്ങൾക്ക് പരിഹാരമായിവരുന്നു എന്ന പ്രതീക്ഷയാണ് പൊതുവേ ഉണ്ടായിരുന്നതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്. നടപടി തുടരുന്നതിനിടെ മൂന്നാർ ടൗണിലെ മുഴുവൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും മർച്ചൻറ്്സ് അസോസിയേഷൻ പ്രതിനിധികളും ഒപ്പിട്ട നിവേദനമടക്കം രണ്ട് പരാതികൾ തനിക്ക് ലഭിച്ചു. ഭൂമി പ്രശ്നം ചർച്ച ചെയ്യാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം അടിയന്തരമായി വിളിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 13ന് തനിക്ക് ലഭിച്ച നിവേദനത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി എന്നിവർക്ക് പുറമെ മുൻ ഡെപ്യൂട്ടി സ്പീക്കർ സി.എ. കുര്യൻ, സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി പി. മുത്തുപ്പാണ്ടി തുടങ്ങിയവരും ഒപ്പിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പിന്നീട് എൽ.ഡി.എഫ് ഇടുക്കി ജില്ല കമ്മിറ്റിയുടെ നിവേദനവും ലഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾക്ക് നന്ദിപ്രകടനം നടത്തിയാണ് നിവേദനം തുടങ്ങുന്നത്.
എന്നാൽ, മാർച്ച് 27െൻറ യോഗതീരുമാനങ്ങൾ നടപ്പാക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ കാലതാമസവും വീഴ്ചയും വരുത്തുന്നതായും ഇത് ജനങ്ങളിൽ അതൃപ്തിയുണ്ടാക്കുന്നതായും നിവേദനം ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ ഇടുക്കിയിൽനിന്ന് രാഷ്ട്രീയവ്യത്യാസമില്ലാതെ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.