കുറിഞ്ഞി ഉദ്യാനം: അതിർത്തി പുനർനിർണയിക്കാനുള്ള ശിപാർശക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്‍റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്‍റ് ഓഫീസറായി നിയമിക്കും.
കുറിഞ്ഞിമല സങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് എന്നിവ നട്ടുവളര്‍ത്തുന്നത് നിരോധിക്കാന്‍ കേരള പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യും. റവന്യൂ ഭൂമിയില്‍ വനം വകുപ്പ് നേരിട്ട് മരം നട്ടുപിടിപ്പിക്കുന്നതിന് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടം നല്‍കുന്ന രീതി അവസാനിപ്പിക്കും.
സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വെ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തുന്ന നടപടി ജൂണിനു മുമ്പ് പൂര്‍ത്തിയാക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ട് തിരിക്കും.
വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതു മാറ്റുന്നതിന് കലക്ടര്‍ പദ്ധതി തയ്യാറാക്കും. പട്ടയഭൂമിയില്‍ നില്‍ക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് മരങ്ങള്‍ ഉടമ തന്നെ ആറുമാസത്തിനകം പിഴുതുമാറ്റണം. ഉടമ അതിനു തയ്യാറാവാതിരുന്നാല്‍ ഇത്തരം മരങ്ങള്‍ മാറ്റുന്നതിന് ജില്ലാ കലക്ടറെ അധികാരപ്പെടുത്താന്‍ തീരുമാനിച്ചു.
ഇടത് എം.പി ജോയിസ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ കൈവശ ഭൂമി അടക്കമുള്ള കൊട്ടക്കമ്പൂർ, മേഖല ഉൾപ്പെടുന്നതാണ് കുറിഞ്ഞി ഉദ്യാനം. കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണ് എം.പി ഉൾെപ്പടെ ഏഴു പേർക്കുള്ളത്. എം.പി, ഭാര്യ അനൂപ, മാതാവ് മേരി ജോർജ്, ഇവരുടെ മരുമകൻ ഡേവിഡ് ജോബ്, എം.പിയുടെ സഹോദരങ്ങളും ബന്ധുക്കളുമായ ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, മറ്റൊരു സഹോദരൻ ജസ്റ്റിന്റെ ഭാര്യ ജിസ് ജസ്റ്റിൻ എന്നിവർ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണ് റദ്ദാക്കിയത്. 1979ലെ രജിസ്റ്ററിൽ എം.പിയുടേത് സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതിനു് രാഷ്ട്രീയമായി സർക്കാറെടുത്ത തീരുമാനം 1972ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന, കേന്ദ്ര വന്യജീവി ബോർഡുകളുടെ അധികാരം അവഗണിച്ചാണ് അതിർത്തി മാറ്റൽ നീക്കമെന്ന് പറയുന്നു. വമ്പന്മാരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വ്യക്തമായ മാർഗ നിർദേശങ്ങൾ പാലിക്കാതെയോ കേന്ദ്രചട്ടങ്ങൾ മറികടന്നോ മുന്നോട്ടു പോകുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.