സ്പിരിറ്റ് ഇൻ ജീസസ് മേധാവിക്കെതിരെ കേസ്
text_fieldsമൂന്നാർ: മൂന്നാർ ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചതിന് സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി എന്ന സംഘടനയുടെ മേധാവിയും സൂര്യനെല്ലി സ്വദേശിയുമായ വെള്ളൂക്കുന്നേൽ ടോം സക്കറിയക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. ഭൂസംരക്ഷണ നിയമത്തിലെ ഏഴ് (എ) വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് ശാന്തൻപാറ എസ്.ഐ വി. വിനോദ്കുമാർ പറഞ്ഞു. സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറിയതിനും കുരിശുനാട്ടി സ്ഥലം കൈയേറിയതിനുമാണ് കേസ്.
ൈകയേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉേദ്യഗസ്ഥരെ വാഹനം ഉപയോഗിച്ച് തടഞ്ഞ സംഭവത്തിൽ തൃശൂർ മണ്ണുത്തി സ്വദേശി കെ.എ. പൊറിഞ്ചുവിനെതിരെയും കേസെടുത്തു. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുള്ള വകുപ്പുകളാണ് പൊറിഞ്ചുവിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് സംഭവങ്ങളിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്.ഐ അറിയിച്ചു.
ടോം സക്കറിയക്കെതിരെയും പൊറിഞ്ചുവിനെതിരെയും കേസെടുക്കണമെന്ന് ഉടുമ്പൻചോല അഡീഷനൽ തഹസിൽദാർ എം.കെ. ഷാജി ശാന്തൻപാറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ, ദേവികുളം സബ് കലക്ടർ വി. ശ്രീറാം എന്നിവർ തലസ്ഥാനത്തായിരുന്നതിനാൽ വെള്ളിയാഴ്ച മൂന്നാർ, ദേവികുളം മേഖലയിൽ ൈകയേറ്റമൊഴിപ്പിക്കൽ നടന്നില്ല. പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കണമെന്നാവശ്യപ്പെട്ട് അഡീഷനൽ തഹസിൽദാർ എം.കെ. ഷാജി സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സക്കറിയക്ക് നോട്ടീസ് നൽകിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കൈയേറ്റമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് വ്യാഴാഴ്ച റവന്യൂ സംഘം വൻ സന്നാഹത്തോടെ കുരിശും സമീപത്തെ കെട്ടിടവും പൊളിച്ചുനീക്കുകയും താൽക്കാലിക ഷെഡുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തത്. തൃശൂർ കുരിയച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് സ്പരിറ്റ് ഇൻ ജീസസ് മിനിസ്ട്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.