കൈേയറ്റം ഒഴിപ്പിക്കൽ; തടസ്സമായി ഉദ്യോഗസ്ഥ ക്ഷാമവും
text_fieldsചെറുതോണി: മൂന്നാർ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ക്ഷാമം വെല്ലുവിളിയാകുന്നു. ബുധനാഴ്ച വിളിച്ചുചേർത്ത ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇടുക്കി കലക്ടർ ജി.ആർ. ഗോകുലാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ഉദ്യോഗസ്ഥരെ വിട്ടുകിട്ടിയാൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കുമെന്നും കലക്ടർ വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടികൾ ചർച്ച ചെയ്യാനാണ് കലക്ടർ യോഗം വിളിച്ചത്. ജില്ലയിൽ പട്ടയ നടപടി പുരോഗമിക്കുന്നതാണ് ഒഴിപ്പിക്കൽ നടപടിക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ കിട്ടാൻ തടസ്സമാകുന്നത്.
ഭൂരിഭാഗം റവന്യൂ ഉദ്യോഗസ്ഥരും അടുത്തമാസം നടക്കാനിരിക്കുന്ന പട്ടയവിതരണവുമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതരാണ്. കൈയേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് ചൊവ്വാഴ്ച ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനങ്ങളും ഇതുവരെ കൈക്കൊണ്ട നടപടിയുടെ വിശദാംശങ്ങളും ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ കലക്ടറെ ധരിപ്പിച്ചു. വൻകിട കൈയേറ്റക്കാരുടെ പട്ടിക തയാറാക്കി ഒഴിപ്പിക്കലിനു ശക്തമായ നടപടിയെടുക്കണമെന്നായിരുന്നു സബ്കലക്ടർ വിളിച്ച യോഗത്തിലെ തീരുമാനം. വൻകിട കൈയേറ്റക്കാരുടെ പട്ടിക ഒരാഴ്ചക്കുള്ളിൽ സബ് കലക്ടർ ജില്ല കലക്ടർക്ക് കൈമാറും. ചെറുകിടക്കാരെ ഒഴിപ്പിക്കും മുമ്പ് വൻകിടക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യമാണ് റവന്യൂ ഉദ്യോഗസ്ഥർ ബുധനാഴ്ചത്തെ യോഗത്തിലും മുന്നോട്ടുവെച്ചത്.
പള്ളിവാസൽ, ചിത്തിരപുരം, പോതമേട്, ലക്ഷ്മിഭാഗങ്ങളിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ടുകളും കോേട്ടജുകളും നിർമിച്ചിരിക്കുന്നവരുടെ ലിസ്റ്റ് രണ്ടു ദിവസത്തിനകം നൽകണമെന്ന് തഹസിൽദാർമാരോട് നിർദേശിച്ചിട്ടുണ്ട്. 2015 വരെയുള്ള പട്ടിക സബ് കലക്ടർക്ക് കൈമാറിയിരുന്നു. പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിനു സമീപം അനധികൃതമായി നിർമിച്ച റിസോർട്ടിരിക്കുന്ന സ്ഥലം വീണ്ടും റീസർവേ ചെയ്യും. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വെള്ളിയാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
കൈയേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങൾ യോഗത്തിൽ ഇടുക്കി കലക്ടർ മുഖ്യമന്ത്രിയെ ധരിപ്പിക്കും. കലക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിനു മുന്നോടിയായി ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി കലക്ടർ പ്രത്യേക ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച വീണ്ടും കലക്ടറേറ്റിൽ ജില്ലയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേരും. തുടർന്നാകും ഭാവി നടപടികൾ തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.