ഭൂമി കൈയേറ്റം: മൂന്നാറിലെ സ്ഥിതി അതിഗുരുതരമെന്ന് റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: പട്ടയഭൂമിയിലടക്കം കൈയേറ്റം തുടരുന്ന മൂന്നാറിലെ സ്ഥിതി അതിഗുരുതരമെന്ന് ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട്. കൈയേറ്റങ്ങൾ മൂന്നാറിനെ നശിപ്പിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ എതിർപ്പുമൂലം ഭൂമിയുടെ രേഖകൾ പരിശോധിക്കാനാവുന്നില്ല. കണ്ണൻദേവൻ മലകൾ, ചിന്നക്കനാൽ എന്നിവിടങ്ങളിൽ ൈകയേറ്റം വ്യാപകമാണ്. വനഭൂമിയുടെ സ്വഭാവമുള്ള ഏലത്തോട്ടങ്ങളിലും അനധികൃത നിർമാണങ്ങൾ തകൃതിയാണ്. ലാൻഡ് റവന്യൂ കമീഷണർ സർക്കാറിനയച്ച റിപ്പോർട്ട് മൂന്നാർ ൈകേയറ്റം സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന യോഗം ചർച്ച ചെയ്യും.
5000 മുറികളടക്കം സൗകര്യങ്ങളോടെയുള്ള റിസോർട്ടുകൾ നിലവിെല സാ ഹചര്യത്തിൽ പരിസ്ഥിതിക്ക് ദോഷകരമായ പുതിയ റിസോർട്ടുകളുടെ നിർമാണം പൂർണമായും നിരോധിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. അനധികൃത ഏലത്തോട്ടങ്ങൾ പിടിച്ചെടുക്കണമെന്നും കമീഷണർ ആവശ്യപ്പെടുന്നു. പുതിയ റിസോർട്ട് ആവശ്യമാണെങ്കിൽ പൊതുസ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കണം. വ്യാജ പട്ടയങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ദേവികുളം സബ് കലക്ടറുടെ കീഴിൽ വിപുല സന്നാഹത്തോടെ പ്രത്യേക സംഘത്തെ നിയോഗിക്കണം. മുതിരപ്പുഴയുടെ തീരം കൈയേറിയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനും പുതിയവ അനുവദിക്കാതിരിക്കാനും നിയമനിർമാണം നടത്തണം.
മുതിരപ്പുഴയുടെ സംരക്ഷണം തദ്ദേശവകുപ്പിൽനിന്ന് റവന്യൂവകുപ്പ് ഏറ്റെടുക്കണം. നിലവിെല ഭൂസംരക്ഷണ സേനയെ വിപുലീകരിക്കാൻ നിയമനിർമാണം വേണം. റവന്യൂ-, സർവേ രേഖകൾ പരിശോധിക്കാനുള്ള അധികാരം ദേവികുളം സബ്കലക്ടർക്ക് നൽകാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണം. രേഖകൾ പരിശോധിക്കുമ്പോൾ ക്രമസമാധാനപ്രശ്നം നേരിടാൻ പൊലീസ് സേനയെ ലഭ്യമാക്കണം. മണ്ണ്, പാറ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. നിർമാണപ്രവർത്തനങ്ങൾ മൂന്നാർ വികസന അതോറിറ്റിയുടെ അംഗീകാരത്തോടെയാവണം നടപ്പാക്കേണ്ടത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കണം. പരിസ്ഥിതി പ്രവർത്തകരുൾപ്പെടെയുള്ള വിദഗ്ധരെ ചേർത്ത് ഉപദേശക സമിതി രൂപവത്കരിക്കണം. അധ്യക്ഷന് കലക്ടറുടെ അധികാരം നൽകണം.
മൂന്നാർ സ്പെഷൽ ടൂറിസം സോണായി പ്രഖ്യാപിച്ച് പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം. പ്രത്യേക കെട്ടിട നിർമാണ ചട്ടങ്ങൾ വേണം. യൂക്കാലിപ്റ്റസ്, അക്കേഷ്യ മരങ്ങൾ വേരോടെ പിഴുതുമാറ്റാൻ പ്രത്യേക സാമ്പത്തിക സഹായം നൽകണം. ഭൂരഹിതരുടെ പട്ടിക തയാറാക്കാൻ ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണം. ഗതാഗത തടസ്സമുണ്ടാക്കുന്ന നിർമാണങ്ങൾ പൊളിച്ചുനീക്കണം. അനധികൃത പാർക്കിങ്ങിന് കനത്ത പിഴ ഈടാക്കണം. ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് സേനയെ നിയോഗിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുല്ലക്കര രത്നാകരൻ എ.എൽ.എ അധ്യക്ഷനായ നിയമസഭ പരിസ്ഥിതി കമ്മിറ്റി നൽകിയതിനെക്കാൾ കടുത്ത നിർദേശമാണ് കമീഷണർ മുന്നോട്ടുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.