വിവാദവും സമരങ്ങളും മറയായി; മൂന്നാറിൽ ചെറുകിട കൈയേറ്റം വ്യാപകം
text_fieldsതൊടുപുഴ: പൊതുസമൂഹത്തിെൻറയും മാധ്യമങ്ങളുടെയും ശ്രദ്ധ സമര വേലിയേറ്റങ്ങളിലേക്ക് തിരിഞ്ഞതോടെ മൂന്നാറിലും പരിസരങ്ങളിലും കൈയേറ്റം വ്യാപകം. താമസിക്കുന്നതിനായി 10 സെൻറ് വരെ കൈവശംവെച്ചിരിക്കുന്നവർക്കെതിരെ നടപടി വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശവും കൈയേറ്റക്കാർ മറയാക്കുന്നു. സർക്കാർ നിർദേശപ്രകാരം റവന്യൂ അധികൃതർ പുതുതായി തയാറാക്കുന്ന പട്ടികയിൽ ചെറുകിട കൈയേറ്റക്കാരെ ഉൾപ്പെടുത്തിയിട്ടുമില്ല.
മൂന്നാറുമായി ബന്ധപ്പെട്ട് ഉടലെടുത്ത പുതിയ വിവാദങ്ങൾ കൈയേറ്റം ഒഴിപ്പിക്കൽ നടപടിക്ക് തുരങ്കംവെച്ചതുപോലെ പുതിയ കൈയേറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. ദേവികുളം സബ്കലക്ടറുടെ നിർദേശപ്രകാരം പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് കൈയേറ്റം ഒഴിപ്പിച്ചത് വിവാദമായതോടെ മൂന്നാർ പ്രദേശത്ത് കൈയേറ്റക്കാർക്കെതിരായ നടപടി തൽക്കാലം നിലച്ചു. ഇതിനിടെയാണ് പത്ത് സെൻറ് വരെയുള്ള കൈയേറ്റക്കാരെ ഒഴിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചതും എം.എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ മൂന്നാറിൽ സമരം തുടങ്ങിയതും.
മൂന്നാർ എൻജിനീയറിങ് കോളജിെൻറയും ദേവികുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിെൻറയും സമീപ പ്രദേശങ്ങളിലാണ് ഒരാഴ്ചയായി ഇത്തരം കൈയേറ്റം കൂടുതലായി നടക്കുന്നത്. പലയിടത്തും പത്ത് സെൻറ് വീതം കൈയേറി കുടിലുകൾ സ്ഥാപിക്കുകയാണ്. ഇങ്ങനെ കൈയേറുന്ന ഭൂമിക്ക് വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൈവശാവകാശ രേഖ ഉണ്ടാക്കുകയും പവർ ഒാഫ് അറ്റോർണി ഉപയോഗിച്ച് റിസോർട്ട് മാഫിയക്ക് കൈമാറുകയും ചെയ്യുന്നതായും പറയപ്പെടുന്നു.
ഇതിനിടെ, വിവിധ താലൂക്കുകളിലെ വൻകിട കൈയേറ്റക്കാരുടെ അന്തിമ പട്ടിക തയാറായിവരികയാണ്. ചിന്നക്കനാൽ വില്ലേജ് ഉൾപ്പെടുന്ന ഉടുമ്പൻചോല താലൂക്കിലെ കൈയേറ്റങ്ങളുടെ പട്ടിക നേരേത്തതന്നെ റവന്യൂ അധികൃതർ തയാറാക്കിയിട്ടുണ്ട്. പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് നടത്തിയ 300 ഏക്കർ കൈയേറ്റം മാത്രമാണ് പുതുതായി ഇൗ പട്ടികയിൽപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.