മൂന്നാർ ഒഴിപ്പിക്കൽ വീണ്ടും; 19 ഏക്കർ ഭൂമി ഏറ്റെടുത്തു
text_fieldsമൂന്നാർ: കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ നിർദേശമനുസരിച്ച് ലക്ഷ്മി എസ്റ്റേറ്റിലെ ക്യാംലോട്ട് റിസോർട്ടിനു സമീപത്തായി വിദേശികൾ കൈയേറിയ 19 ഏക്കർ ഭൂമിയാണ് ചൊവ്വാഴ്ച പിടിച്ചെടുത്തത്. ജർമൻ സ്വദേശിയായ ജെസിയക്ക് ഇവിടെ ഒരേക്കർ പട്ടയഭൂമിയുണ്ടായിരുന്നു. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ പവർ ഒാഫ് അറ്റോർണി പിതാവ് ജോളിപോളിന് നൽകി ജെസിയ വിദേശത്തേക്ക് മടങ്ങി. എന്നാൽ, ഈ പട്ടയം മറയാക്കി പിതാവ് സമീപത്തെ സർക്കാർ ഭൂമി കൈയേറുകയായിരുന്നു.
മൂന്നാറിലെ വൻകിട കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന് ജില്ല ഭരണകൂടം നിയോഗിച്ച സംഘമാണ് ലക്ഷ്മി എസ്റ്റേറ്റിലെ വിദേശികളുടെ കൈയേറ്റം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് റവന്യൂ സംഘം ഉടമകൾക്ക് നോട്ടീസ് നൽകുന്നതിനായി എസ്റ്റേറ്റിലെത്തിയെങ്കിലും കൈപ്പറ്റാൻ ആരുമുണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് ജോളി പോളും ഭൂമി ഉപേക്ഷിച്ച് വിദേശത്തേക്ക് മടങ്ങിയതായി സമീപവാസികൾ പറയുന്നു. എസ്റ്റേറ്റിനു സമീപത്തെ സർക്കാർ ഭൂമി കൈയേറി കെട്ടിടങ്ങൾ പണിയുകയോ കൃഷിയിറക്കുകയോ ചെയ്തിട്ടില്ല. ചെങ്കുത്തായ മലകളും ചോലവനങ്ങളുമാണ് റവന്യൂ സംഘം കണ്ടെത്തിയ കൈയേറ്റ ഭൂമിയിലുള്ളത്. ചിന്നക്കനാലിലെ കുരിശും മൂന്നാറിലെ സി.പി.എം നേതാക്കളുടെ കൈയേറ്റങ്ങളടക്കവും സബ് കലക്ടുടെ നേതൃത്വത്തിൽ െപാളിച്ചുനീക്കിയതിനെ തുടർന്നാണ് ഒഴിപ്പിക്കൽ മരിവിച്ചത്.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് സർവകക്ഷി യോഗം വിളിക്കുകയും വൻകിട കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ദൗത്യം റവന്യൂ സംഘം ആരംഭിച്ചത്. അതേസമയം, ഉപേക്ഷിക്കപ്പെട്ട സർക്കാർ ഭൂമികൾ പിടിച്ചെടുത്ത് പുകമറ സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും ആക്ഷേപമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.