മൂപ്പിളത്തർക്കം; അധികാര കേന്ദ്രീകരണത്തിന് വടംവലിച്ച് ഐ.എ.എസ്-ഐ.പി.എസ് ലോബി
text_fieldsകോട്ടയം: സംസ്ഥാനത്ത് അധികാര കേന്ദ്രീകരണത്തിന് വടംവലിച്ച് ഐ.എ.എസ്-ഐ.പി.എസ് ലോബി. ഐ.എ.എസ് ഉദ്യോഗസ്ഥർ കൈവശംവെച്ചിരുന്ന പദവികളിൽ ഐ.പി.എസ് ഉദ്യോഗസ്ഥർ കടന്നുവരുന്നത് ഐ.എ.എസ് വിഭാഗത്തെ ചൊടിപ്പിക്കുമ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങളും വകുപ്പുകളും ലഭിക്കുന്നത് ഐ.പി.എസ് ഉദ്യോഗസ്ഥരെയും അതൃപ്തിയിലാക്കുന്നു.
കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്) ഉദ്യോഗസ്ഥർ ജൂനിയർ ഐ.എ.എസുകാരേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നത് ഇരുകൂട്ടരിലും മുറുമുറുപ്പുണ്ടാക്കുന്നുമുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വകുപ്പുകളുടെ അധികച്ചുമതല നൽകുന്നതിൽ ഐ.പി.എസുകാർ തൃപ്തരല്ല. മതിയായ ഐ.എ.എസുകാർ ഇല്ലാത്തതിനാലാണ് ഇങ്ങനെ നൽകുന്നതെന്നാണ് സർക്കാർ വിശദീകരണം. നിലവിൽ 35 ഐ.എ.എസുകാരുടെ കുറവുള്ളതായാണ് കണക്ക്. തങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ വലിയ പരിഗണന നൽകുന്നില്ലെന്ന പരാതി ഐ.പി.എസുകാർക്കുണ്ട്. ജില്ല കലക്ടർമാർ ഉൾപ്പെടെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള അധികാരങ്ങളിൽ ചിലത് തങ്ങൾക്കും ലഭിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചിട്ട് വർഷങ്ങളായി. അത് ലഭിക്കാത്തതിന് പിന്നിൽ ഐ.എ.എസ് ലോബിയുടെ ഇടപെടലാണെന്നും അവർ സംശയിക്കുന്നു.
അതേസമയം, തങ്ങൾ കൈകാര്യം ചെയ്തിരുന്ന പല വകുപ്പുകളും ഐ.പി.എസുകാർക്ക് കൈമാറിയതിൽ ഐ.എ.എസുകാർ അതൃപ്തരാണ്. എക്സൈസ് തലവൻ, ബിവറേജസ് കോർപറേഷൻ തലവൻ, ട്രാൻസ്പോർട്ട് കമീഷണർ തുടങ്ങിയ തസ്തികകൾ ഐ.പി.എസുകാരാണ് വർഷങ്ങളായി കൈകാര്യം ചെയ്യുന്നതെന്ന് അവർ പരാതിപ്പെടുന്നു.
എക്സൈസ് കമീഷണർ സ്ഥാനം തിരികെ ലഭിക്കാൻ ഐ.എ.എസ് ലോബി ശ്രമം നടത്തിയെങ്കിലും വിജയംകണ്ടില്ല. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്താണ് എക്സൈസ് തലപ്പത്ത് ഐ.പി.എസുകാരെ നിയമിച്ചു തുടങ്ങിയത്. അതുവരെ ആ പദവി ലഭിച്ചിരുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ്. എക്സൈസ് തലപ്പത്തുനിന്ന് ഐ.പി.എസുകാരെ മാറ്റിയാല്‍ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ഐ.പി.എസ് ലോബിയുടെ വാദം.
ബിവറേജസ് കോർപറേഷനിലും സ്ഥിതി വ്യത്യസ്തമല്ല. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബെവ്കോ തലവനാകുന്നത്. ഗതാഗത കമീഷനർ പദവിയിലും അതാണ് രീതി. ശിക്ഷാനടപടികളുടെ പേരിൽ തങ്ങൾ വഹിച്ചിരുന്ന പദവികളിലേക്ക് ഐ.പി.എസുകാരെ മാറ്റി നിയമിക്കുന്നതിലും ഐ.എ.എസുകാർക്ക് കടുത്ത അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.