‘പാലം വലിക്കുന്നു, ശൂന്യാകാശത്താണ്’; ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി
text_fieldsഉമ്മൻ ചാണ്ടി ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ചിത്രം പങ്കുവെച്ച് വെട്ടിലായ ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി ഖേദപ്രകടനവുമായി രംഗത്ത്. ‘പുതുപ്പള്ളിയുടെ ഭാഗ്യമാണ് ഉമ്മൻചാണ്ടി സാർ, ഇത്തരം പാലങ്ങൾ ഇവിടെ മാത്രമേ കാണൂ’ എന്ന ക്യാപ്ഷൻ അടക്കമുള്ള ഫോട്ടോയാണ് മുരളി തുമ്മാരുകുടി പങ്കുവെച്ചിരുന്നത്. എന്നാൽ, പാലം പുതുപ്പള്ളിയിലേതല്ലെന്ന് ചൂണ്ടിക്കാട്ടി കമന്റുകൾ പ്രവഹിക്കുകയും സമൂഹ മാധ്യമങ്ങളിൽ പരിഹാസം ശക്തമാകുകയും ചെയ്തതോടെയാണ് വിശദീകരണവും ഖേദപ്രകടനവുമായി മുരളി തുമ്മാരുകുടി രംഗത്തെത്തിയത്. 2016ൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി തിരുവാർപ്പ് പഞ്ചായത്തിൽ എത്തിയപ്പോൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതായിരുന്നു ചിത്രം.
ആ ചിത്രം പുതുപ്പള്ളിയിലേതാണെന്ന് ഞാൻ പറഞ്ഞിരുന്നില്ലെന്നും കണ്ടപ്പോൾ ഫോട്ടോഷോപ്പാണെന്നാണ് തോന്നിയതെന്നും ആ സാധ്യത പറയുകയും ചെയ്തിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. പക്ഷെ ഒരു തെരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽപാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നെന്നും ഇത്രയും പബ്ലിസിറ്റി കിട്ടിയ നിലക്ക് അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴെക്കെങ്കിലും അതൊക്കെ മാറി നല്ലൊരു പാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നെന്നും അദ്ദേഹം കുറിച്ചു.
ഉമ്മൻചാണ്ടിയുടെ മരണശേഷം ഒട്ടും താമസിയാതെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഒരു കണക്കിന് വിഷമമായെന്നും കേരള രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ട് നിറഞ്ഞു ജീവിച്ച ഒരാളെപ്പറ്റി നല്ലതൊക്കെ പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ കാരണങ്ങളാൽ കുറ്റപ്പെടുത്തേണ്ടി വരുന്നത് വിഷമമല്ലേയെന്നും ചിത്രം പങ്കുവെച്ച് മുരളി തുമ്മാരുകുടി ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ റോഡുകളും പാലങ്ങളും ഒക്കെ വേണ്ടത്ര വികസിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു മുഖ്യമായ കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല. ഇക്കാലത്ത് ഒരു ചിത്രം കണ്ടാൽ തന്നെ അത് സത്യമാണോ ഫോട്ടോഷോപ്പ് ആണോ എന്നൊന്നും അറിയാൻ പറ്റില്ല എന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ, പോസ്റ്റിന് താഴെയും പോസ്റ്റ് പങ്കുവെച്ചും പലരും വിമർശനവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് നേതാക്കളടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലടക്കം മുരളി തുമ്മാരുകുടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. പാലം പുതുപ്പള്ളിയലല്ലെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ മുഖ്യ ചുമതലക്കാരനും കേരളത്തിന്റെ സഹകരണ മന്ത്രിയുമായ വി.എൻ വാസവന്റെ സ്വന്തം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലാണെന്നും ആ പഞ്ചായത്തിന്റെ പ്രസിഡന്റ് സി.പി.എമ്മിന് വേണ്ടി ദുഷിച്ച ആരോപണങ്ങൾ ഉന്നയിക്കുന്ന അനിൽകുമാറിന്റെ ചേട്ടൻ അജയൻ കെ. മേനോനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പാലം സന്ദർശിക്കുന്ന വിഡിയോയും അദ്ദേഹം പിന്നീട് പങ്കുവെച്ചു.
മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂർണരൂപം:
പാലം വലിക്കുന്നു!! ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എന്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി.
ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് കണ്ടിരുന്നു. പിന്നെ ഏറ്റുമാനൂരിൽ ആണ്, അവിടെ തന്നെ തിരുവാർപ്പിൽ ആണെന്ന് ഒക്കെ കമന്റ് വന്നു. ഇപ്പോൾ ആ ചിത്രം എടുത്ത ആൾ തന്നെ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യവും കാണിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു. ഇത്രയും പബ്ലിസിറ്റി കിട്ടിയ നിലക്ക് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴെക്കെങ്കിലും അതൊക്കെ മാറി നല്ലൊരു പാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു! ഫോട്ടോ പോസ്റ്റ് ചെയ്ത സുഹൃത്തിന് നന്ദി. ശൂന്യാകാശത്ത് ഉൽക്ക മഴ കണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.