ബജറ്റിൽ റബറിന് 600 കോടി സബ്സിഡി നൽകുന്നതിനെതിരെ തുമ്മാരുകുടി: ‘കർഷകരെ റബറിൽ നിന്ന് തിരിച്ചു വിടുന്ന സബ്‌സിഡി ആണ് നമുക്ക് ആവശ്യം’
text_fieldsതിരുവനന്തപുരം: കേരള ബജറ്റിൽ റബർ കൃഷിക്ക് 600 കോടി സബ്സിഡി പ്രഖ്യാപിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. റബർ കൃഷിക്ക് സബ്സിഡി നൽകുന്നതിന് പകരം കർഷകരെ റബറിൽ നിന്ന് തിരിച്ചു വിടുന്നതിനാണ് സബ്‌സിഡി നൽകേണ്ടതെന്ന് യു.എന്നിന് കീഴിൽ പരിസ്ഥിതി പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
സ്ഥലത്തിന്റെ ഉയർന്ന വിലയും തൊഴിലെടുക്കാൻ ആളെ കിട്ടാത്തതും കാരണം കേരളത്തിൽ റബ്ബർ കൃഷിക്ക് ഇനി ഭാവി ഇല്ല എന്നാണ് അദ്ദേഹം അിപ്രായപ്പെടുന്നത്. റബ്ബർ ദീർഘകാല വിള ആയതിനാൽ തോട്ടം പാട്ടത്തിന് കൊടുക്കാനുള്ള സാധ്യതയും കുറവാണ്. കൂടാതെ, ഹൈറേഞ്ചിലും അതോട് ചേർന്നുമുള്ള റബ്ബർ തോട്ടങ്ങളിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്നതും ഈ കൃഷിയിൽനിന്ന് ആളുകളെ അകറ്റും. വീടിനും ചുറ്റും ഇരുപത് സെന്റ് മുതൽ രണ്ടേക്കർ വരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുകയാണ്. റബ്ബർ കൃഷിയിൽ ഓട്ടോമേഷനുള്ള പരിമിതികളും ഇതിന്റെ പോരായ്മയായി തുമ്മാരുകുടി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഒരേക്കർ സ്ഥലത്തിന് ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്ഥലങ്ങളിലും രാജ്യങ്ങളിലും ഒരേക്കറിന് ആയിരം രൂപ പോലും ചിലവില്ലാതെ ദീർഘകാലത്തേക്ക് പാട്ടഭൂമി കിട്ടുന്ന സ്ഥലങ്ങളിലും റബർ കൃഷി ചെയ്യുന്നത് ലാഭകരമാണെന്ന് തുമ്മാരുകുടി അഭിപ്രായപ്പെടുന്നു. ഇത്തരം രാജ്യങ്ങളിൽ തൊഴിലാളികളുടെ കൂലിയും കുറവാണ്. ലോകത്ത് ഈ സാഹചര്യം നിലനിൽക്കെ റബ്ബർ കൃഷി കേരളത്തിൽ നില നിൽക്കും എന്ന് കരുതേണ്ട കാര്യമില്ല. കേരളത്തിൽ ഇടനാട്ടിൽ നിന്നും റബറിനെ കുടിയിറക്കേണ്ട സമയമാണ്. ആ ഭൂമിക്ക് മറ്റെന്തൊക്കെ സാദ്ധ്യതകൾ ഉണ്ട്. കാക്കനാട് ഇന്ഫോപാര്ക്കിനടുത്തൊക്കെ റബ്ബർ തോട്ടങ്ങൾ കാണുമ്പോൾ എനിക്ക് അതിശയമാണ് -അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സർക്കാർ സബ്സിഡിയായി നൽകാനുദ്ദേശിക്കുന്ന പണം, റബ്ബർ കൃഷി ആദായമായി നടത്താവുന്ന നാടുകളിൽ/രാജ്യങ്ങളിൽ പോയി കൃഷി നടത്താൻ നൽകാമെന്നും അദ്ദേഹം നിർദേശിക്കുന്നു. റബ്ബർ നേഴ്സറി ഉണ്ടാക്കുന്നത് മുതൽ റബ്ബർ പ്രോസസ്സ് ചെയ്യുന്നത് വരെയുള്ള വിഷയത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള മലയാളികൾക്ക് ഇക്കാര്യത്തിൽ സഹായം നൽകണം. അവിടുങ്ങളിൽ നിന്നുള്ള ആളുകളെ ഇവിടെ വരുത്തി പരിശീലനം നൽകാം. അവിടെ പോയി കൈ പൊള്ളിയാൽ അവരുടെ നഷ്ടം നികത്താനുള്ള ഇന്ഷുറൻസ് നൽകാം. പശ്ചിമ ആഫ്രിക്കയിലെ ലൈബീരിയയിൽ ആണ് ലോകത്തെ ഏറ്റവും വലിയ റബ്ബർ തോട്ടം. പശ്ചിമ ആഫ്രിക്കയിൽ എവിടെയും റബ്ബർ കൃഷിക്ക് വൻ സാദ്ധ്യതകൾ ആണ്.
ഇതിന് മാതൃകയായി ഐവറി കോസ്റ്റിൽ സ്വന്തം നിലക്ക് വിജയകരമായി കശുവണ്ടി കൃഷി നടത്തി വിജയം കൊയ്യുന്ന മലയാളികളെ തുമ്മാരുകുടി ചൂണ്ടിക്കാണിക്കുന്നു. കേരള സർക്കാരിന്റെ ഒരു ഇടപെടലും ഇല്ലാതെ ഐവറി കോസ്റ്റിലെ കശുവണ്ടി കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് മലയാളികൾ ആണ്. ഓരോ വർഷവും ആയിരക്കണക്കിന് ഏക്കർ കശുവണ്ടി കൃഷിയാണ് അവിടെ ഉണ്ടാകുന്നത്, അതിനിറക്കുന്ന പണവും സാങ്കേതിക വിദ്യയും നമ്മുടെ ആളുകളുടേതാണ് -അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
ബജറ്റും റബ്ബറും
സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണത്തെയും ശമ്പളത്തേയും ഒക്കെ പറഞ്ഞു ആകാശത്തെത്തിയപ്പോഴാണ് ഞാൻ കേരളത്തിലെ റബ്ബർ തോട്ടങ്ങൾ ശ്രദ്ധിച്ചത്.
എന്താണ് ബജറ്റ് റബ്ബറിനെ പറ്റി പറയുന്നത്.
റബ്ബർ കൃഷിക്ക് അറുന്നൂറ് കോടി രൂപ സബ്‌സിഡി ആണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ബജറ്റ് എന്നത് വരവ് ചിലവ് കണക്ക് കൂടാതെ നയസൂചനകൾ നൽകാനുള്ള അവസരം കൂടിയാണ്
റബ്ബറിന് സബ്‌സിഡി നൽകാനുള്ള തീരുമാനം നൽകുന്ന സൂചന എന്താണ് ?
എൻ്റെ അഭിപ്രായം റബ്ബർ കൃഷിക്ക് ഇനി കേരളത്തിൽ ഭാവി ഇല്ല എന്നതാണ്.
സ്ഥലത്തിൻ്റെ ഉയർന്ന വില കാരണം റബ്ബർ തോട്ടം വാങ്ങി കൃഷി ചെയ്യുന്ന എക്കണോമിക്സിന് ഒരു സാധ്യതയും ഇല്ലാത്തത്
റബ്ബർ ഒരു ദീർഘകാല വിള ആയതിനാൽ തോട്ടം പാട്ടത്തിന് കൊടുക്കാനുള്ള സാധ്യത കുറവ്
ഹൈറേഞ്ചിനും ചേർന്നുമുള്ള റബ്ബർ തോട്ടങ്ങളിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്നത്
വീടിനും ചുറ്റും ഇരുപത് സെന്റ് മുതൽ രണ്ടേക്കർ വരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുന്നത്
റബ്ബർ തോട്ടത്തിൽ തൊഴിൽ എടുക്കാൻ ആളില്ലാത്തത്
റബ്ബർ കൃഷിയിൽ ഓട്ടോമേഷനുള്ള പരിമിതികൾ
ഇതൊക്കെ കേരളത്തിൽ
മീനവിയൽ റബ്ബർ കൃഷി സാധ്യമായ മറ്റു ചില സ്ഥലങ്ങളിൽ, രാജ്യങ്ങളിൽ
ഒരു ലക്ഷം രൂപയിൽ താഴെ ഒരേക്കർ സ്ഥലം കിട്ടുന്ന രാജ്യങ്ങൾ
ഒരേക്കറിന് ആയിരം രൂപ പോലും ചിലവില്ലാതെ ദീർഘകാലത്തേക്ക് പാട്ടഭൂമി കിട്ടുന്ന സ്ഥലങ്ങൾ
തൊഴിലാളികളുടെ കൂലി ഇത്രയും ഇല്ലാത്ത സ്ഥലങ്ങൾ
ഇതൊക്കെ ഉള്ള ലോകത്ത് ഇനി റബ്ബർ കൃഷി കേരളത്തിൽ നില നിൽക്കും എന്ന് കരുതേണ്ട കാര്യമില്ല
കേരളത്തിൽ ഇടനാട്ടിൽ നിന്നും റബറിനെ കുടിയിറക്കേണ്ട സമയമാണ്. ആ ഭൂമിക്ക് മറ്റെന്തൊക്കെ സാദ്ധ്യതകൾ ഉണ്ട്. കാക്കനാട് ഇന്ഫോപാര്ക്കിനടുത്തൊക്കെ റബ്ബർ തോട്ടങ്ങൾ കാണുമ്പോൾ എനിക്ക് അതിശയമാണ്
അപ്പോൾ നമ്മുടെ കർഷകരെ റബറിൽ നിന്നും തിരിച്ചു വിടുന്ന സബ്‌സിഡി ആണ് നമുക്ക് ആവശ്യം
അതേ സമയം ഈ റബ്ബർ കൃഷിക്കാർക്കുള്ള പണം മറ്റൊരു തരത്തിൽ ഉപയോഗിക്കാം
റബ്ബർ നേഴ്സറി ഉണ്ടാക്കുന്നത് മുതൽ റബ്ബർ പ്രോസസ്സ് ചെയ്യുന്നത് വരെയുള്ള വിഷയത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള മലയാളികൾ ഉണ്ട്
അവർക്ക് റബ്ബർ കൃഷി ആദായമായി നടത്താവുന്ന നാടുകളിൽ/രാജ്യങ്ങളിൽ പോയി കൃഷി നടത്താനുള്ള സഹായം നൽകണം. അവിടുങ്ങളിൽ നിന്നുള്ള ആളുകളെ ഇവിടെ വരുത്തി പരിശീലനം നൽകാനുള്ള സഹായം നൽകാം, അവിടെ പോയി കൈ പൊള്ളിയാൽ അവരുടെ നഷ്ടം നികത്താനുള്ള ഇന്ഷുറന്സ് നൽകാം
ഇതൊന്നും നടക്കാത്ത സ്വപ്നം ആണെന്ന് പറയാൻ വരട്ടെ.
കേരള സർക്കാരിന്റെ ഒരു ഇടപെടലും ഇല്ലാതെ നടക്കുന്ന ഒരു കാര്യം പറയാം
ഐവറി കോസ്റ്റ് എന്ന ആഫ്രിക്കൻ രാജ്യത്ത് ഞാൻ ഇരുപത് വർഷമായി പോകാറുണ്ട്. ആഭ്യന്തരയുദ്ധം കഴിഞ്ഞു എക്കോണമി ഒക്കെ തുറന്നു വരുന്നേ ഉള്ളൂ.
ആദ്യം ഞാൻ അവിടെ പോകുമ്പോൾ മലയാളികളെ കാണാനേ ഇല്ല.
ഇന്നിപ്പോൾ അവിടെ ധാരാളം മലയാളികൾ ഉണ്ടെന്ന് മാത്രമല്ല അവിടെ ഒരു മലയാളി റെസ്റ്റോറന്റ് പോലും ഉണ്ട്.
ഐവറി കോസ്റ്റിലെ കശുവണ്ടി കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് മലയാളികൾ ആണ്. ഓരോ വർഷവും ആയിരക്കണക്കിന് ഏക്കർ കശുവണ്ടി കൃഷിയാണ് അവിടെ ഉണ്ടാകുന്നത്, അതിനിറക്കുന്ന പണവും സാങ്കേതിക വിദ്യയും നമ്മുടെ ആളുകളുടേതാണ്.
പശ്ചിമ ആഫ്രിക്കയിൽ എവിടെയും റബ്ബർ കൃഷിക്ക് വൻ സാദ്ധ്യതകൾ ആണ്. ലോകത്തെ ഏറ്റവും വലിയ റബ്ബർ തോട്ടം പശ്ചിമ ആഫ്രിക്കയിലെ ലൈബീരിയയിൽ ആണ്.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
മുരളി തുമ്മാരുകുടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.