പ്രശ്നമല്ല; പക്ഷേ... പ്രശ്നമാണ് മുന്നണികൾക്ക് മുരളി
text_fieldsതിരുവനന്തപുരം: കെ. മുരളീധരൻ വെല്ലുവിളിയല്ലെന്ന് ആണയിടുേമ്പാഴും അദ്ദേഹത്തിനെതിരായ രാഷ്ട്രീയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് എൽ.ഡി.എഫിനും എൻ.ഡി.എക്കും മുരളി പ്രശ്നമെന്ന് തന്നെ. ഹെവിവെയ്റ്റ് സ്ഥാനാർഥിയായി നേമത്ത് എത്തിയ മുരളീധരൻ കരുത്തനായ സ്ഥാനാർഥിയല്ലെന്ന് കുമ്മനം രാജശേഖരനും ബി.ജെ.പിയെ സഹായിക്കാനാണ് മുരളിയെ മത്സരിപ്പിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണനും പ്രസ്താവിച്ചു.
കോൺഗ്രസിലെ സംഘാടനശേഷിയുള്ള നേതാക്കളിലൊരാളായ മുരളി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ ബലാബലം മാറിമറിയുമെന്ന് ഇരുമുന്നണികളും തിരിച്ചറിയുന്നു. കെ. കരുണാകരൻ ഒരിക്കൽ വിജയിച്ച മണ്ഡലത്തിലേക്ക് മകൻ എത്തുന്നെന്ന പ്രതിച്ഛായക്ക് പുറമെ ജില്ലയിലെ ഒരു തലമുറയിൽ ഉണർത്തുന്ന സ്മരണ വോട്ടായി മാറുമോ എന്ന അലോസരവും മറികടക്കണം. കരുണാകരെൻറ തണലിലും ഒറ്റക്കും ജയവും തോൽവിയും ഒരുേപാലെ നേരിട്ട നേതാവിനെ രാഷ്ട്രീയമായി തളർത്തുകയും വെല്ലുവിളിയാണ്. എൻ.എസ്.എസ് ഉൾപ്പെടെ സാമുദായിക സംഘടനകൾ മുരളിക്ക് അനൗദ്യോഗികവും ഒൗദ്യോഗികവുമായി നൽകുന്ന പിന്തുണ മറികടക്കുകയും മുഖ്യ കടമ്പകളിലൊന്നാകും. കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന വാദം ആർ.എസ്.എസിന് പോലും ഇല്ലാതിരിക്കെ വിജയിക്കുന്ന മുരളീധരൻ മന്ത്രിയാകുമെന്ന ഉറപ്പും യു.ഡി.എഫിന് അനുകൂല ഘടകമാണ്. കോൺഗ്രസിനുവേണ്ടി വലിയ പോരാട്ടത്തിന് ഇറങ്ങുന്ന മുരളി വിജയിച്ചാൽ സംസ്ഥാനത്തും കോൺഗ്രസ് രാഷ്ട്രീയത്തിലും അദ്ദേഹത്തിന് വലിയ ഭാവിയാണ് തുറക്കുക.
2011 ൽ രണ്ടാം സ്ഥാനത്തും 2016 ൽ വിജയിക്കുകയും ചെയ്ത നേമത്ത് 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ലീഡ് നേടിയതും കോർപറേഷൻ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കൂടുതൽ വാർഡുകൾ വിജയിച്ചതും ബി.ജെ.പിയാണ്. കോൺഗ്രസിന് അടിത്തറയില്ലാത്ത മണ്ഡലത്തിൽ എം.പി സ്ഥാനം രാജിവെക്കാതെ മത്സരിക്കുന്നത് ചൂണ്ടിക്കാട്ടി മുരളിയുടെ മത്സരത്തിെൻറ ഗൗരവം സി.പി.എമ്മും ബി.ജെ.പിയും ചോദ്യം ചെയ്യുകയാണ്. പക്ഷേ, കഴിഞ്ഞ 10 വർഷവും ഘടകകക്ഷികൾ മത്സരിച്ച സീറ്റ് തിരിച്ചെടുത്ത്, ബി.ജെ.പിയുടെ ഏക മണ്ഡലം പിടിച്ചെടുക്കാനുള്ള നിയോഗമാണ് മുരളിയെ ഏൽപിച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.