തൊപ്പിയെ പൂട്ടിയിടരുതെന്ന് മുരളി തുമ്മാരുകുടി
text_fieldsതൊപ്പിയെ പൂട്ടിയിടരുതെന്ന് യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. യൂട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കൊണ്ട് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്. `സമാന്തരലോകത്തെ തൊപ്പികളും കിളിപോകുന്ന അമ്മാവന്മാരും' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിലാണ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ: സമാന്തരലോകത്തെ തൊപ്പികളും കിളിപോകുന്ന അമ്മാവന്മാരും
എല്ലാ ദിവസവും രാവിലത്തെ ചൂടൻ പത്രം തൊട്ട് വൈകീട്ടത്തെ ചൂടുള്ള ചർച്ചകൾ വരെ കണ്ടും കേട്ടും ചർച്ച ചെയ്തും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെപ്പറ്റി വലിയ അറിവുണ്ടെന്ന് വിചാരിച്ചിരുന്ന മലയാളി സമൂഹം. ഒരു ദിവസം പെട്ടെന്നാണ് തൊപ്പി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതും എന്തൊരു വരവായിരുന്നു. പഞ്ചാബി ഹൗസിലെ രമണന്റെ രംഗപ്രവേശനത്തിലും നാടകീയമായി.
കുട്ടികൾ ഓടിക്കൂടുന്നു. ട്രാഫിക്ക് നിശ്ചലമാകുന്നു. തൊപ്പി വാർത്തയാകുന്നു. പത്രങ്ങളും ചർച്ചക്കാരും അമ്മാവന്മാരും ഞെട്ടുന്നു. ഏവൻ ആര്? സമാന്തര ലോകത്തെ രാജകുമാരനോ? അമ്മാവന്മാർ ഞെട്ടുന്നത് കാണുന്ന പുതിയ തലമുറ അതിലും ഞെട്ടുന്നു. ഈ അമ്മാവന്മാർക്ക് ഇനിയെങ്കിലും നേരം വെളുക്കുമോ? അതോ ഇവരുടെ കാലം കഴിഞ്ഞോ?
കേരളത്തിൽ ഒരു സമാന്തര ലോകം ഉണ്ടെന്ന് ഞാൻ അറിയുന്നത് കളക്ടർ ബ്രോയുടെ ഒരു പോസ്റ്റിൽ നിന്നാണ്. അന്ന് മുതൽ ആ ലോകത്തെ ശ്രദ്ധിച്ചിരുന്നു. പക്ഷെ തൊപ്പിയുടെ വരവ് എന്നെയും അന്പരപ്പിച്ചു. തൊപ്പിയെ പറ്റിയുള്ള ഞങ്ങളുടെ ലോകത്തെ അവലോകനങ്ങൾ വായിക്കുകയാണ്. "എല്ലാം പിള്ളേരെ വഴി തെറ്റിക്കുകയാണ്" ലൈൻ ആണ്. സമാന്തരലോകം തന്നെ അമ്മാവന്മാർക്ക് തെറ്റായ വഴിയാണ്. കാരണം അവർ വന്ന വഴി അല്ല എന്നത് തന്നെ. ഇതൊക്കെ കാലാകാലം ആയി നടക്കുന്നതാണ്. തൊപ്പിയുടെ വീഡിയോ കണ്ടാൽ രണ്ടു കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.
ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ഒന്നുമല്ല വേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ കാണുകയും ബാല്യകാല പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്പോൾ എനിക്ക് തോന്നുന്നത് ഇത് പോലീസ് അല്ല സൈക്കോളജിസ്റ്റുമാരും ഡോക്ടർമാരും കൈകാര്യം ചെയ്യേണ്ട വിഷയം ആണെന്നാണ്.
കുട്ടികളുടെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതലോകം ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്നു. പക്ഷെ മാനസിക പ്രശ്നങ്ങളെ സമയത്ത് കണ്ടറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും നാട്ടിൽ പൊതുവെ ശ്രദ്ധക്കുറവും താല്പര്യക്കുറവും ഉണ്ട്. കുട്ടികളുടെ കാര്യത്തിൽ അത് ഏറ്റവും കുറവാണ്. ഇത് മാറണം.
അയാളുടെ മാതാപിതാക്കൾക്കും ശരിയായ കൗൺസലിംഗ് നൽകണം. അയാളെ കുറ്റവാളിയായിക്കണ്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത് ദുരന്തത്തിനേ വഴി വെക്കൂ. തൊപ്പിയുടെ വരവ് കേരള സമൂഹത്തിലെ അമ്മാവന്മാർക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ്. നിങ്ങളുടെ ചുറ്റുമുള്ള കുട്ടികളോട് ആ ലോകത്തെ പറ്റി ചോദിച്ച് മനസ്സിലാക്കണം. എന്തുകൊണ്ടാണ് ആ ലോകത്തെ ആളുകൾ അവരെ "ഇൻഫ്ളുവൻസ്" ചെയ്യുന്നതെന്ന് അറിയണം. എന്താണ് പുതിയ തലമുറയുടെ പ്രതീക്ഷകളും മൂല്യങ്ങളും പ്രശ്നങ്ങളും എന്ന് മനസ്സിലാക്കണം. എന്നാൽ മാത്രമേ അവരെക്കൂടി ഉൾപ്പെടുന്ന, അവർക്ക് കൂടി താല്പര്യം തോന്നുന്ന ഒരു സമൂഹം നമുക്ക് നിർമ്മിക്കാൻ പറ്റൂ. തൊപ്പിയെ പൂട്ടിയിടരുത്.
മുരളി തുമ്മാരുകുടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.