ആരോഗ്യവകുപ്പിനെ പ്രശംസിച്ച് മുരളി തുമ്മാരുകുടി; മന്ത്രി വീണ ജോർജിന് അഭിമാനിക്കാവുന്ന നിമിഷവും വിജയവുമാണിത്...
text_fieldsനിപ അതിജീവനത്തിൽ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ദുരന്തനിവാരണ വിദഗ്ധനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. കേരളം വീണ്ടും നിപ്പയെ അതിജീവിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി കേരളം നിപ്പയെ അതിജീവിക്കുകയാണ്. ഇത്തവണ ഏറ്റവും വേഗത്തിൽ തന്നെ അത് കണ്ടെത്തി, വരുതിയിലാക്കി, രോഗം ഉണ്ടായവരെ പോലും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. നമ്മുടെ മൊത്തം ആരോഗ്യ രംഗത്തിന് അഭിമാനിക്കാവുന്ന നിമിഷവും വിജയവുമാണ്. പ്രത്യേകിച്ചും ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിന്. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ആരോഗ്യവിഭാഗത്തിെൻറ പ്രവർത്തനത്തെ വിലയിരുത്തുന്നത്.
കുറിപ്പിെൻറ പൂർണ രൂപം
കേരളം വീണ്ടും നിപ്പയെ അതിജീവിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി കേരളം നിപ്പയെ അതിജീവിക്കുകയാണ്. ഇത്തവണ ഏറ്റവും വേഗത്തിൽ തന്നെ അത് കണ്ടെത്തി, വരുതിയിലാക്കി, രോഗം ഉണ്ടായവരെ പോലും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. നമ്മുടെ മൊത്തം ആരോഗ്യ രംഗത്തിന് അഭിമാനിക്കാവുന്ന നിമിഷവും വിജയവുമാണ്. പ്രത്യേകിച്ചും ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിന്.
ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ഏത് വിജയവും പരാജയവും മൊത്തം ആരോഗ്യ സംവിധാനത്തിന്റെയാണ്. എന്നാലും പരാജയങ്ങളോ പോരായ്മകളോ ഉണ്ടാകുമ്പോൾ അത് മന്ത്രിയുടെ അക്കൗണ്ടിൽ കുറിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന താല്പര്യം കാര്യങ്ങൾ നന്നായി പോകുമ്പോൾ മന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കാൻ അവർ കാണിക്കാറില്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക്. ഇപ്പോഴത്തെ മന്ത്രിസഭയിൽ ശ്രീമതി വീണ ജോർജ്ജിനെ പോലെ ഓഡിറ്റ് ചെയ്യപ്പെടുന്നവർ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
അതിന് പല കാരണങ്ങൾ ഉണ്ട് ആരോഗ്യ വകുപ്പാണ് താരതമ്യേന ചെറുപ്പക്കാരിയായ മന്ത്രിയാണ് ചോരച്ചാലുകൾ ഒന്നും നീന്തിക്കയറിയ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ആളാണ് സ്ത്രീയാണ് മാധ്യമത്തിൽ നിന്നും വന്നതാണ്, അതിൻ്റെ കൊതിക്കെറുവ് പല മാധ്യമ സിംഹങ്ങൾക്കും ഉണ്ടെന്ന് തോന്നാറുണ്ട്. ഇതിനൊക്കെ ഉപരി ശൈലജ ടീച്ചറെപ്പോലെ അതി സമർത്ഥയായ ഒരു ആരോഗ്യ മന്ത്രിക്ക് തൊട്ടുപുറകിൽ സ്ഥാനം ഏറ്റെടുത്ത ആളാണ്. എന്ത് ചെയ്യുമ്പോഴും ചെയ്തില്ലെങ്കിലും പഴയ ആരോഗ്യമന്ത്രിയുമായിട്ടാണ് താരതമ്യം ഈ ഓഡിറ്റിനെ ഒക്കെ വളരെ നന്നായി നേരിട്ടാണ് ശ്രീമതി വീണ ജോർജ്ജ് മുന്നോട്ട് പോകുന്നത്. മാധ്യമങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നു. വകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകുന്നു. സ്റ്റാഫിന്റെ അഴിമതി പോലുള്ള ആരോപണങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യുന്നു. ഇപ്പോൾ ഈ നിപ്പയുടെ മേൽ കൈവരിച്ച വിജയം മന്ത്രിക്ക് തീർച്ചയായും കൂടുതൽ ആത്മവിശ്വാസം നല്കുമെന്നതിൽ സംശയമില്ല.
കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇനിയും ഏറെ ഭാവിയുള്ള ഒരാളാണ് ശ്രീമതി വീണ ജോർജ്ജ്. കേരളത്തിലെ ആരോഗ്യ രംഗം നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒന്നാണ്. ഇതറിയണമെങ്കിൽ കുറച്ചു നാൾ കേരളത്തിന് പുറത്തൊന്നു ജീവിച്ചാൽ മതി. നാട്ടിൽ സർക്കാർ ആരോഗ്യ രംഗത്ത് പോരായ്മകൾ ഇല്ല എന്നല്ല. പക്ഷെ നമുക്ക് ലഭ്യമായ വിഭവങ്ങൾ വച്ച് നോക്കുമ്പോൾ ഇത്രയും കാര്യക്ഷമമായ സംവിധാനം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി സർക്കാർ ആശുപത്രികളിലെ സംവിധാങ്ങളിൽ ഉണ്ടാകുന്ന പുരോഗതി അതിശയകരവും അഭിമാനകാരവും ആണ്. ജർമ്മനിയിലും സ്വിസ്സിലും ഉൾപ്പടെ ലോകത്തെവിടെയും നൂറു ശതമാനം ഇൻഷുറൻസോടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാമെങ്കിലും ഞാൻ ഇപ്പോഴും ആശ്രയിക്കുന്നത് കേരളത്തിലെ സർക്കാർ ആശുപത്രികളെ ആണ്. ഒരു പക്ഷെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ കുറ്റം പറയുന്നവർ അടുത്തയിടക്കൊന്നും അടുത്ത സർക്കാർ ആശുപത്രികളിൽ പോയിരിക്കാൻ വഴിയില്ല.
ഇതൊരു മന്ത്രിയോ മുന്നണിയോ ഉണ്ടാക്കിയതല്ല. ഒരു മന്ത്രി മാത്രമായി കൊണ്ടുനടക്കുന്നതും അല്ല. പക്ഷെ മുൻപ് പറഞ്ഞത് പോലെ പരാജയത്തിന്റെ ഉത്തരവാദിത്തം മന്ത്രിയിൽ ചാർത്തിക്കൊടുക്കാൻ നമ്മൾ മത്സരിക്കുമ്പോൾ വിജയത്തിന്റെ ഒരു പങ്കെങ്കിലും മന്ത്രിക്ക് കൊടുക്കുന്നത് സാമാന്യ മര്യാദയാണ്.നിപ്പയെ വീണ്ടും നിയന്ത്രണത്തിൽ ആക്കിയ, നമ്മുടെ ആരോഗ്യ രംഗത്തെ ആരോഗ്യത്തോടെ മുന്നോട്ട് നയിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും അതിന് നേതൃത്വം നൽകുന്ന മന്ത്രി ശ്രീമതി വീണ ജോർജ്ജിനും എൻ്റെ നന്ദി, അഭിനന്ദനങ്ങൾ. മുരളി തുമ്മാരുകുടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.