ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsമഞ്ചേരി: ഭാര്യാസഹോദരിയെ പാലത്തിൽനിന്ന് തള്ളിയിട്ട് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതിയായ പെരിന്തല്‍മണ്ണ അരക്കുപറമ്പ് വെല്ലടിക്കാട്ടിൽ അബ്ദുറഹ്മാൻ (63) ജീവപര്യന്തം തടവും 50000 രൂപ പിഴയും അടക്കണെമന്ന് മഞ്ചേരി ഒന്നാം സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 2015 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യാസഹോദരി ജുവൈരിയയെ പൂക്കാട്ടിരി പാങ്ങോട് പാലത്തിൽനിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം ഉറപ്പാക്കാൻ തോട്ടിലിറങ്ങി വെള്ളത്തിൽ മുക്കുകയും ചെയ്തു. ജുവൈരിയയുടെ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച ഇയാൾ മോഷണവിവരം പുറത്തറിയാതിരിക്കാനാണ് കൊല നടത്തിയത്.
ആഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ജുവൈരിയ ഇയാളെ സംശയിച്ചിരുന്നു. സംശയം ബലപ്പെട്ടതോടെ ദർഗയില്വെച്ച് സത്യം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് അബ്ദുറഹ്മാൻ ജുവൈരിയയെ തമിഴ്നാട് അഭ്രപാളയത്ത് കൊണ്ടുപോയി. അവിടെവെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ദര്‍ഗയിലേക്കുള്ള ബസ് യാത്രക്കിടെ പ്രതി ജുവൈരിയക്ക് ഉറക്കഗുളിക നല്‍കിയിരുന്നു. അബോധാവസ്ഥയിലായ യുവതിയെ പുഴയിലേക്ക് തള്ളാന്‍ പലതവണ ശ്രമിച്ചു. ശ്രമം പാളിയതോടെ നാട്ടിലേക്ക് മടങ്ങി.
പെരിന്തല്‍മണ്ണയില്‍ ബസിറങ്ങിയശേഷം ജുവൈരിയയെ ഓട്ടോറിക്ഷയില്‍ കയറ്റി പൂക്കാട്ടിരി തോടിനടുേത്തക്ക് കൊണ്ടുപോയി. തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ മുക്കിതാഴ്ത്തിയാണ് കൊന്നത്. തെളിവ് നശിപ്പിക്കാൻ ജുവൈരിയയുടെ വസ്ത്രങ്ങള്‍ അഴിച്ച് തോട്ടില്‍ ഒഴുക്കുകയും രണ്ട് സ്വര്‍ണവളകളും മാലയും മൊബൈല്‍ഫോണും കവരുകയും ചെയ്തു. തൊണ്ടിമുതലുകള്‍ പ്രതിയുടെ വീട്ടില്‍നിന്നും ജ്വല്ലറിയില്‍നിന്നും പൊലീസ് കണ്ടെടുത്തു. സൈബര്‍ പൊലീസിെൻറ രേഖകളും കുറ്റം തെളിയിക്കാന്‍ സഹായിച്ചു.
ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഇയാളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെവിട്ടിരുന്നു. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കൽ, കവർച്ച എന്നീ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ആഭരണവും പണവും കവർന്ന കേസിൽ തിരൂർ മജിസ്ട്രേറ്റ് കോടതി മൂന്നുവർഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
വളാഞ്ചേരി സി.ഐ ആയിരുന്ന കെ.ജി സുരേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42 സാക്ഷികളുള്ള കേസില്‍ 23 പേരെ പ്രോസിക്യൂഷന് വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.