കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തയാളെ വീട്ടിൽകയറി വധിക്കാൻ ശ്രമം; രണ്ട് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
text_fieldsചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും. തെക്കൻഞ്ചേരി വലിയകത്ത് ജബ്ബാർ (51), ഒരുമനയൂർ ഒറ്റ തെങ്ങ് രായംമരക്കാർ വീട്ടിൽ ഷനൂപ് (29) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജബാർ ഒന്നാംപ്രതിയും ഷനൂപ് മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ അജിത്ത് വിചാരണ നേരിടാതെ ഒളിവിലാണ്.
ഒരുമനയൂരിൽ തെക്കുംതല വീട്ടിൽ സുമേഷിനെയാണ് (39) പ്രതികൾ വീടുകയറി വധിക്കാൻ ശ്രമിച്ചത്. പ്രതികൾ തെക്കഞ്ചേരിക്കടുത്തുള്ള പാലത്തിലിരുന്ന് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് സുമേഷിന്റെ തെക്കൻചേരിയിലെ ഭാര്യവീട്ടിലേക്ക് 2019 നവംബർ 25ന് രാത്രി പ്രതികൾ അതിക്രമിച്ചു കയറി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സുമേഷിന്‍റെ ഇടതു കൈക്ക് സാരമായി പരിക്കേറ്റു. ആളുകൾ ഓടിക്കൂടിയത്തോടെ പ്രതികൾ കൊലവിളി നടത്തി രക്ഷപ്പെടുകയായിരുന്നു.
പിഴ സംഖ്യ പരിക്കുപറ്റിയ സുമേഷിന് നൽകണമെന്ന് വിധിയിൽ പ്രത്യേക പരാമർശമുണ്ട്. കേസിൽ സുമേഷിന്റെ ഭാര്യയുടെ മൊഴിയാണ് നിർണായകമായത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ. രജിത് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.