പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കി ഡി.വൈ.എഫ്.ഐ; വിവാദമായപ്പോൾ തിരുത്തി
text_fieldsആലപ്പുഴ: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളെ ഡി.വൈ.എഫ്.ഐ മേഖല വൈസ് പ്രസിഡന്റാക്കി. സി.പി.ഐ പ്രവര്‍ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ആന്റണി ആന്റപ്പനാണ് ആലപ്പുഴ ഐക്യഭാരതം മേഖല വൈസ് പ്രസിഡന്റായത്.
സംഭവം വിവാദമായപ്പോൾ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ നേതാക്കൾ വാർത്താക്കുറിപ്പിറക്കി. ആന്റണിെയ എല്ലാ ചുമതലകളിൽ നിന്നും മാറ്റിയതായും അവർ അറിയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ആനുകൂല്യത്തില്‍ പരോളിലിറങ്ങിയപ്പോഴാണ് ആന്റണിയെ ഭാരവാഹിയാക്കി തീരുമാനമെടുത്തത്. കേസില്‍ ആന്റണി ഉൾപ്പെടെ ഏഴു പ്രതികളെയാണ് ജില്ല കോടതി ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും വിധി ശരിവെക്കുകയായിരുന്നു.
ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതുതന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഡി.വൈ.എഫ്.ഐ പ്രതിനിധി സമ്മേളനത്തില്‍ ഇയാളെ പങ്കെടുപ്പിച്ചതിൽ പാര്‍ട്ടിയിലും ഭിന്നതയുണ്ടെന്നാണ് വിവരം. യുവജന സംഘടനയുടെ നടപടി പ്രാദേശിക സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. ആന്റണിയെ ഭാരവാഹിയാക്കണമെന്ന് നേതൃത്വത്തിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നെന്നും അതുകൊണ്ടാണ് പാനലില്‍ ഉള്‍പ്പെടുത്തിയതെന്നും സംസാരമുണ്ട്. താൻ സി.പി.എം സെക്രട്ടറിയാണെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹിത്വം തീരുമാനിക്കുന്നത് അവരാണെന്നുമാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.