താനൂർ ദുരന്തം: മന്ത്രിമാരായ റിയാസിനും അബ്ദുറഹ്മാനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതാനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് ദുരന്തത്തിന് മന്ത്രിമാരായ വി. അബ്ദുറഹ്മാനും മുഹമ്മദ് റിയാസും ഉത്തരവാദികളാണെന്നും ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. അറ്റ്ലാന്റിക് ബോട്ടിന് രജിസ്ട്രേഷൻ ഇല്ലെന്നും ബോട്ട് ഓടിക്കുന്നത് ലൈസൻസില്ലാത്തയാളാണെന്നും ഇരുവരെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞപ്പോൾ തട്ടിക്കയറിയ അബ്ദുറഹ്മാനും ഒഴിഞ്ഞുമാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഏപ്രിൽ 23ന് താനൂരിൽ േഫ്ലാട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരക്കൽ മുഹാജിദ് മന്ത്രിമാരോട് ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്നും രജിസ്ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞത്. എന്നാൽ, മന്ത്രി അബ്ദുറഹ്മാൻ തട്ടിക്കയറിയെന്നും റിയാസ് ഒഴിഞ്ഞുമാറിയെന്നും മുഹാജിദ് ആരോപിച്ചിരുന്നു. ബോട്ടിന് രജിസ്ട്രേഷനില്ലെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് മന്ത്രി അബ്ദുറഹ്മാൻ ചോദിച്ചപ്പോൾ പി.എക്ക് പരാതി നൽകാനാണ് റിയാസ് പറഞ്ഞത്. പരാതി എഴുതിക്കൊടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ അറ്റ്ലാന്റിക് ബോട്ടിന് രജിസ്ട്രേഷൻ ഇല്ലായെന്നും ബോട്ട് ഓടിക്കുന്നത് ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ വി. അബ്ദുറഹ്മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിരുന്നു. ഈ വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദുറഹ്മാനും ഒഴിഞ്ഞുമാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണ്. രണ്ടു പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.