'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം'
text_fieldsകൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും കൂട്ടുപ്രതികളും നടത്തിയ ഗൂഢാലോചനകളും പ്രയോഗിച്ച വാചകങ്ങളും അതേപടി നിരത്തിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദം അവതരിപ്പിച്ചത്. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം ബോധ്യപ്പെടുത്താൻ സാധ്യമായ തെളിവുകളെല്ലാം നിരത്തി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസിനെയും എം. ജെ. സോജനെയും എസ്.പി സുദർശനെയും ഐ.ജി എ.വി. ജോർജിനെയും ഡി.ജി.പി ബി. സന്ധ്യയെയും അപായപ്പെടുത്താൻ 2017 നവംബർ 15ന് പത്മസരോവരത്തിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന വാദം.
സിനിമ ചർച്ചക്കായി ഈ സമയം ബാലചന്ദ്രകുമാർ മുറിയിലുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് സഹോദരൻ അനൂപിന് 'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം' എന്ന് ഉപദേശം നൽകിയതായാണ് സാക്ഷി മൊഴി. ഇതിന്റെ ശബ്ദ രേഖയുണ്ടെന്നും വ്യക്തമാക്കി. ഒരു വർഷത്തേക്ക് ഒരു ലിസ്റ്റും ഉണ്ടാക്കരുത്, ഒരു റെക്കോഡും ഉണ്ടാക്കരുത്, ഫോൺ യൂസ് ചെയ്യരുത് എന്നിങ്ങനെ അനൂപും പറഞ്ഞു. എറണാകുളത്തെ മേത്തർ ഹോമിൽ വെച്ചാണ് ദിലീപ്, അനൂപ്, സുരാജ് എന്നിവർ ബൈജു പൗലോസിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. 2018 മേയിൽ ആലുവ പൊലീസ് ക്ലബിന് മുന്നിലെത്തിയപ്പോൾ 'ഇവൻമാരെ മൊത്തം കത്തിക്കണം' എന്ന് ദിലീപ് പറഞ്ഞതായാണ് മറ്റൊരു വെളിപ്പെടുത്തൽ. 2018 ജനുവരിയിൽ കോടതിയിൽ വെച്ച് ബൈജു പൗലോസിനെ മറികടന്ന് പോകുമ്പോൾ 'സാറ് കുടുംബവുമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേയെന്ന്' ദിലീപ് പറഞ്ഞു. ഇങ്ങിനെ ജീവിക്കാൻ അനുവദിക്കില്ലെന്ന് വളഞ്ഞ വഴിയിൽ പറയുകയായിരുന്നുവെന്ന് പിന്നീടാണ് ബോധ്യപ്പെട്ടതെന്ന് ബൈജു പൗലോസിന്റെ പരാതിയിലുണ്ട്.
ദിലീപിന്റെ സുഹൃത്തും ഹോട്ടലുടമയുമായ ശരത്തുമായി സാമ്പത്തിക തർക്കമുണ്ടായിരുന്ന ദോഹയിലെ വ്യവസായി ആലുവ സ്വദേശി സലീമിനെ നേരിട്ടെത്തി ദിലീപ് ഭീഷണിപ്പെടുത്തി. 'നീ വലിയ കളിയൊന്നും കളിക്കാൻ നോക്കേണ്ട. എന്നെ കേസിൽ കുടുക്കിയ എ.വി. ജോർജ്, സന്ധ്യാ മാഡം എന്നിവർക്കു വേണ്ടി ഞാൻ രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ട്' എന്ന് ദിലീപ് പറഞ്ഞതായി സലീം മൊഴി നൽകിയിട്ടുണ്ട്.
ദിലീപിന്റെ വീട്ടിലെ ഗേറ്റ്മാനായിരുന്ന ദാസൻ മൊഴി നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്വാധീനിക്കാൻ ദിലീപിന്റെ സംഘമെത്തിയെന്ന് ഡി.ജി.പി കോടതിയിൽ വെളിപ്പെടുത്തി. ബാലചന്ദ്രകുമാറിനോട് നീ സൂക്ഷിക്കണമെന്നും ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ നിന്നെക്കുറിച്ച് ചർച്ച നടന്നിരുന്നെന്നും ഫോണിൽ ദാസൻ പറഞ്ഞെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് അന്വേഷണ സംഘം ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ, ദാസൻ വളരെ മുമ്പേ ദിലീപിന്റെ വീട്ടിൽനിന്ന് ജോലി മതിയാക്കി പോയയാളാണെന്ന് പ്രതിഭാഗം വാദിച്ചു. 'സുദർശന്റെ കൈവെട്ടണം, സോജനും സുദർശനും നല്ല ശിക്ഷ ' എന്നൊക്കെ ദിലീപ് പറഞ്ഞത് ശാപവാക്കുകളല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലിനിടെ ദിലീപിന് ജാമ്യം കിട്ടാൻ സ്വാധീനിക്കാനായി ഒരു ബിഷപ്പിന് 50,000 രൂപ കൊടുത്തുവെന്ന് സുരാജ് പറഞ്ഞപ്പോൾ പള്ളിയുടെ നിർമാണത്തിന് നൽകിയതാണെന്ന് ദിലീപ് തിരുത്തുകയും തുടർന്ന് തർക്കമായപ്പോൾ അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദിലീപ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിന്റെ ശബ്ദരേഖയും വിഡിയോ ദൃശ്യങ്ങളുമുണ്ടെന്നും പ്രോസിക്യൂഷൻ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.