കൊള്ളിക്കുന്ന് കൊലപാതകം: കാരണം പണത്തെ ചൊല്ലിയുള്ള തര്‍ക്കം; പ്രതി റിമാൻഡില്‍
text_fieldsകൊടകര: കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയതിന് കാരണം സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്. കുടുംബം നേരത്തേ താമസിച്ചിരുന്ന താളുപ്പാടത്തെ വീടും സ്ഥലവും വിറ്റ് കിട്ടിയ പണത്തില്‍നിന്ന് 2.34 ലക്ഷം രൂപ വിഷ്ണുവിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക കഴിഞ്ഞ ദിവസം ശോഭന മകനെക്കൊണ്ട് നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പണം ബാങ്കില്‍നിന്ന് എടുപ്പിച്ചതിന ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ വിഷ്ണു ശോഭനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ബോധരഹിതയായി വീണ ശോഭനയുടെ തലയിലേക്ക് ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നു. ശനിയാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയില്‍ ബാങ്കില്‍നിന്ന് എടുത്തതായി പറയുന്ന തുക വീട്ടില്‍നിന്ന് കണ്ടെത്തി.
രാവിലെ ഏഴോടെ ഫോറന്‍സിക് സയന്റിഫിക് അസിസ്റ്റന്റ് മഹേഷ്, വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘം എത്തി കൊലപാതകം നടന്ന വീട്ടിനുള്ളില്‍ പരിശോധിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്.
വെള്ളിക്കുളങ്ങര എസ്.ഐ പി.ആര്‍. ഡേവിസ്, ഗ്രേഡ് എസ്.ഐമാരായ അനില്‍, മുരളി, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബിനീഷ്, ഷാജു എന്നിവരും എത്തിയിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി രാവിലെ ഒമ്പതരയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൊരട്ടി ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.