ഫ്ലാറ്റിലെ കൊല: ലഹരി വാങ്ങാൻ അർഷാദ് മോഷ്ടിച്ച സ്വർണം വിറ്റത് പയ്യോളിയിൽ
text_fieldsപയ്യോളി: കൊച്ചി കാക്കനാട് ഫ്ലാറ്റിലെ കൊലപാതക കേസിലെ പ്രതി പയ്യോളി സ്വദേശി അർഷാദിനെ അന്വേഷണസംഘം മോഷണക്കേസിൽ തെളിവെടുപ്പിനായി പയ്യോളിയിലെത്തിച്ചു. കൊണ്ടോട്ടിയിൽ ജോലിചെയ്ത ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച് പയ്യോളിയിൽ വിറ്റ കേസിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ആറ് മാസത്തോളം ജോലിചെയ്ത ജ്വല്ലറിയില്‍നിന്ന് ജൂലൈ 14നാണ് മൂന്ന് പവന്‍ സ്വര്‍ണവുമായി അർഷാദ് മുങ്ങിയത്.
സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തിരുന്നു. ഫ്ലാറ്റ് കൊലക്കേസ് അന്വേഷിക്കുന്ന കൊച്ചി ഇന്‍ഫോപാര്‍ക്ക് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി പയ്യോളിയിലെത്തിയത്. ബുധനാഴ്ച രാവിലെ 10ന് തുടങ്ങിയ തെളിവെടുപ്പ് വൈകീട്ട് നാലുവരെ നീണ്ടു. ബസ് സ്റ്റാൻഡിന് സമീപത്തെ കോഴിക്കോട് ജില്ല ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റിയിലാണ് പൊലീസ് എത്തിയത്. എന്നാല്‍, സൊസൈറ്റിയില്‍ സ്വർണപരിശോധന നടത്തുന്ന അപ്രൈസര്‍ക്ക് പണയംവെക്കാന്‍ ഉദ്ദേശിച്ച സ്വർണം വിൽക്കുകയായിരുന്നു.
ഇതിന്റെ വിലയായ ഒരു ലക്ഷത്തി പതിനായിരം രൂപയാണ് അപ്രൈസറിൽനിന്ന് വാങ്ങിയത്. ഇക്കാര്യങ്ങളാണ് അര്‍ഷാദുമായി സ്ഥലത്തെത്തിയ ഇന്‍ഫോപാര്‍ക്ക് പൊലീസ് അന്വേഷിച്ചത്. ഇതില്‍ അപ്രൈസറുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് കൊലപാതകവുമായി നേരിട്ടുബന്ധമില്ലെങ്കിലും സ്വർണം വിറ്റ പണം ഉപയോഗിച്ചാണ് പ്രതി ലഹരി വാങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അര്‍ഷാദും സജീവ് കൃഷ്ണയും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ പ്രതി അര്‍ഷാദിന്റെ പിതാവ് തെളിവെടുപ്പിനിടെ സ്ഥലത്തെത്തി മകനെ നേരില്‍ കണ്ടത് വൈകാരിക രംഗങ്ങള്‍ക്കിടയാക്കി. ആഗസ്റ്റ് 16നാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണന്റെ മൃതദേഹം കാക്കനാട്ടെ ഫ്ലാറ്റിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.