ഫ്ലാറ്റിലെ കൊലപാതകം: പ്രതിയിൽനിന്ന് കണ്ടെത്തിയ ലഹരിവസ്തുക്കൾ സജീവിന്‍റേതെന്ന് പൊലീസ്
text_fieldsകാക്കനാട്: ഇടച്ചിറയിലെ ഫ്ലാറ്റിലെ കൊലപാതകക്കേസിലെ പ്രതി കെ.കെ. അർഷദിന്റെ കൈയിൽനിന്ന് പിടികൂടിയ ലഹരിവസ്തുക്കൾ കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടേതെന്ന് പൊലീസ്. സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നത് ഇതിലേക്കാണെന്ന് അധികൃതർ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം സംസ്ഥാനം കടക്കാൻ ശ്രമിച്ച അർഷദിനെ മഞ്ചേശ്വരത്തുനിന്നാണ് സുഹൃത്ത് കെ. അശ്വന്തുമൊത്ത് കാസർകോട് പൊലീസ് പിടികൂടിയത്.
ഇയാളിൽനിന്ന് ഒന്നര കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എയും 104 ഗ്രാം ഹഷീഷുമായിരുന്നു കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ലഹരിവസ്തുക്കൾ സജീവിന്റേതാണെന്നാണ് അർഷദും പറഞ്ഞിരുന്നത്. നേരത്തേ ലഹരിമരുന്ന് വാങ്ങാൻ കടംകൊടുത്ത പണത്തിന് പകരമെന്ന നിലയിലാണ് രക്ഷപ്പെടുന്നതിന് മുമ്പ് ലഹരിമരുന്നുകൾ എടുത്തതെന്നാണ് പൊലീസ് കരുതുന്നത്.
കാസർകോട്ട് റിമാൻഡിൽ കഴിയുന്ന സുഹൃത്ത് അശ്വന്തിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് തൃക്കാക്കര എ.സി.പി പി.വി. ബേബി പറഞ്ഞു. ഇതിനായി കാസർകോട് കോടതിയിൽ അപേക്ഷ നൽകും. ലഹരി കേസിലും തൊണ്ടിമുതലായ ബൈക്ക്, ലാപ്ടോപ് തുടങ്ങിയ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷക്കൊപ്പം അശ്വന്തിന്‍റെ അപേക്ഷയും നൽകാനാണ് അധികൃതരുടെ തീരുമാനം.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങാൻ അർഷദിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകാത്തതിനുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് കഴിഞ്ഞദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.