യു.കെയിലെ കൊലപാതകം: ഇത്തിപ്പുഴ അറയ്ക്കൽ വീട്ടിൽ കണ്ണീർപ്പെയ്ത്ത്
text_fieldsവൈക്കം: കൊച്ചുമക്കൾ സ്കൂളിൽ പോയി തിരിച്ചുവരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ വീണ്ടും കണ്ടും വീട്ടിലെത്തുന്നവരെ കാണിച്ചും കണ്ണീരണിഞ്ഞ് അശോകൻ, അഞ്ജുവും മക്കളും ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ വിങ്ങുന്ന സഹോദരി അശ്വതി; വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ വീട്ടിലെ കണ്ണീരുകണ്ട് വിങ്ങിപ്പൊട്ടുകയാണ് നാട്ടുകാരും.
വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അശോകന്‍റെ മകളായ അഞ്ജുവും (40), ഇവരുടെ മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരും യു.കെയിലെ കെറ്ററിങ്ങില്‍ ദാരുണമായി കൊല്ലപ്പെട്ട വിവരം പുറത്തുവന്നതുമുതൽ നാടിന്‍റെ വിവിധ ഭാഗത്തുനിന്ന് നിരവധി പേരാണ് വീട്ടിലേക്ക് എത്തുന്നത്. ശനിയാഴ്ചയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപേർ ഇവിടെയെത്തി. കൂലിപ്പണി ചെയ്തുവന്നിരുന്ന അശോകൻ ഏറെ ബുദ്ധിമുട്ടിയാണ് മക്കളെ നഴ്സിങ് പഠിപ്പിച്ചത്. ബംഗളൂരുവിലെ പഠനകാലത്ത് അവിടെ ടാക്സി ഡ്രൈവറായിരുന്ന സാജുവുമായി അഞ്ജു പരിചയപ്പെട്ടു.
ഇത് സ്നേഹബന്ധമായി വളർന്നതോടെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. അടുത്തകാലം വരെ ഏറെ സന്തോഷത്തോടെയായിരുന്നു ഇവരുടെ ജീവിതമെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും പിന്നീട് സൗദിയിലേക്ക് പോയി.ഇവിടെനിന്ന് ഒരുവർഷം മുമ്പാണ് അഞ്ജു യു.കെയിലേക്ക് പോയത്. ആദ്യം ഒറ്റക്ക് പോയ അഞ്ജു സെപ്റ്റംബറിൽ നാട്ടിലെത്തി ഭർത്താവ് സാജുവിനെയും മക്കളെയും ഒപ്പം കൊണ്ടുപോകുകയായിരുന്നു. നേരത്തേ ജീവയും ജാന്‍വിയും വൈക്കത്ത് അശോകനൊപ്പമായിരുന്നു താമസം. ഒരാളെ കുലശേഖരമംഗലത്തെ അംഗൻവാടിയിൽ ചേർത്തിരുന്നു.
വെള്ളിയാഴ്ച രാവിലെ പണിക്കിടെയാണ് മകളുടെ മരണവിവരം അശോകൻ അറിയുന്നത്. അഞ്ജുവിനൊപ്പം ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയുടെ ഭർത്താവാണ് മരണവിവരം അറിയിച്ചത്. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് വിഡിയോ കാൾ ചെയ്ത അഞ്ജു, മക്കൾ സ്കൂളിൽ പോയി തിരിച്ചുവരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും അശോകന് അയച്ചുനൽകിയിരുന്നു. അഞ്ജുവിന്‍റെ സഹോദരി അശ്വതിയും ഭർത്താവും കുട്ടികളും ഇത്തിപ്പുഴയിലെ വീട്ടിലാണ് താമസിക്കുന്നത്.
അഞ്ജുവിന്‍റെ അമ്മ കാഞ്ചന വർഷങ്ങൾക്ക് മുമ്പ് മരിച്ചു. പിന്നീട് അശോകൻ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇവരുമായും അടുത്ത ഹൃദയബന്ധമായിരുന്നു അഞ്ജുവിനെന്ന് നാട്ടുകാർ പറയുന്നു. നേരത്തേ നിരന്തരം ഫോൺ വിളിച്ചിരുന്നു അഞ്ജു. അടുത്തിടെ ഇത് കുറഞ്ഞിരുന്നതായും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.