വിദേശ വനിതയുടെ കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
text_fieldsതിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കോവളം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സനിൽ കുമാറാണ് വിധി പറഞ്ഞത്. പ്രതികൾ 1,65,000 രൂപ പിഴയടക്കണം. ഈ തുക വിദേശ വനിതയുടെ സഹോദരിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
കഴിഞ്ഞദിവസം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, മയക്കുമരുന്ന് നൽകി ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്.
പ്രതികളുടെ കുറഞ്ഞ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നും നല്ല ജീവിതത്തിലേക്കുള്ള മടങ്ങി വരവിന് അവസരം ഒരുക്കണമെന്നും പ്രതിഭാഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വാദിച്ച പ്രൊസിക്യൂഷൻ വധശിക്ഷയുടെ കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് നിർണായകമായത്. 2018ൽ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സക്കെത്തിയ ലാത്വിയൻ വനിതയാണ് കൊല്ലപ്പെട്ടത്. ചികിത്സ നടത്തിയിരുന്ന സ്ഥലത്ത് നിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപവാസികളായ ഉദയൻ, ഉമേഷ് എന്നിവർ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ചു.
തുടർന്ന് ലഹരി പദാർഥങ്ങൾ നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയും തുടർന്ന് വള്ളികൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കുറ്റിക്കാട്ടിൽ തള്ളുകയുമായിരുന്നു. 104 സാക്ഷികൾ കുറ്റപത്രത്തിലുണ്ടായിരുന്നെങ്കിലും പ്രോസിക്യൂഷൻ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടുപേർ കൂറുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.