മൈലപ്രയിലെ വ്യാപാരിയുടെ വധം; ഹാർഡ് ഡിസ്ക്കിനായി അച്ചൻകോവിലാറ്റിൽ മുങ്ങിത്തപ്പി
text_fieldsപത്തനംതിട്ട: മൈലപ്രയില്‍ കൊല്ലപ്പെട്ട വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയുടെ കടയിൽനിന്ന് പ്രതികൾ കടത്തിയ സി.സി ടി.വി ഹാർഡ്ഡിസ്ക്കിനായി അച്ചൻകോവിലാറ്റിൽ മുങ്ങിത്തപ്പി അന്വേഷണ സംഘം. ജോർജ് ഉണ്ണൂണ്ണിയുടെ കടയിലെ സി.സി ടി.വികൾ തകർത്ത സംഘം കൊലപാതകശേഷം ഹാർഡ് ഡിസ്ക്കുമായാണ് സ്ഥലംവിട്ടത്. കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ചോദ്യം ചെയ്തപ്പോൾ അച്ചൻകോവിലാറ്റിൽ വലഞ്ചുഴി ഭാഗത്ത് ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് 4.30ഓടെ അന്വേഷണ സംഘം പ്രതികളുമായി വലഞ്ചുഴി ഭാഗത്ത് എത്തി.
തുടർന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബ സംഘം നദിയിൽ തിരച്ചിൽ നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നാലംഗസംഘത്തെ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടരന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും ഭാഗമായി പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് 18വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
തുടർദിവസങ്ങളിലും പ്രതികളുമായി തെളിവെടുപ്പ് നടക്കും. വ്യാപാരി കൊല്ലപ്പെട്ട മൈലപ്രയിലെ പുതുവേലിൽ സ്റ്റോഴ്സിലും എത്തിക്കും. ജോർജ് ഉണ്ണൂണ്ണിയിൽനിന്ന് തട്ടിയെടുത്ത സ്വർണമാല വിൽക്കാൻ ശ്രമിച്ചതും വിറ്റതുമായ പത്തനംതിട്ട നഗരത്തിലെ സ്വർണക്കടകളിലും തെളിവെടുപ്പിന് എത്തിക്കും. പ്രതികളുടെ പത്തനംതിട്ടയിലെയും തമിഴ്നാട്ടിലെയും വീടുകളിലും ഒളിത്താവളങ്ങളിലും കൊണ്ടുപോകും.
കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി ഓട്ടോ ഡ്രൈവറുമായ ഹാരിബ്, തമിഴ്നാട് സ്വദേശികളായ മുരുകന്, സുബ്രഹ്മണ്യന്, പത്തനംതിട്ട വലഞ്ചുഴി സ്വദേശി നിയാസ് എന്നിവരെയാണ് കസ്റ്റഡിയിൽ ലഭിച്ചത്. കേസിലെ മറ്റൊരു പ്രതി തമിഴ്നാട്ടുകാരൻ മുത്തുകുമാരൻ പിടിയിലാകാനുണ്ട്. മൈലപ്ര പുതുവേലില്‍ സ്റ്റോഴ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) ഡിസംബര്‍ 30നാണ് കൊലപ്പെടുത്തിയത്.
സ്വര്‍ണവും പണവും കവരുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണി ധരിച്ചിരുന്ന ഒമ്പത് പവന്റെ മാലയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം 70,000 രൂപയുമാണ് കടയിൽനിന്ന് അപഹരിച്ചത്. മാല പത്തനംതിട്ടയിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. പണത്തിന്റെ വിവരങ്ങളും ആദ്യഘട്ട അന്വേഷണത്തിൽ തന്നെ പൊലീസിനു ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.