ഇസ്രായേൽ സ്വദേശിനിയുടെ കൊല: അന്വേഷണം തുടങ്ങി
text_fieldsകൊട്ടിയം: ഇസ്രായേൽ സ്വദേശിയായ യുവതിയുടെ കൊലപാതകത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇവരുടെ പാസ്പോർട്ടും രണ്ട് ആത്മഹത്യാകുറിപ്പുകളും ഇവരുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വത്വയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് കൃഷ്ണചന്ദ്രൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. കൃഷ്ണചന്ദ്രൻ അസുഖബാധിതനായതിനെതുടർന്ന് ഇരുവരും ചേർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണെന്നാണ് കൃഷ്ണചന്ദ്രൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
കൊല്ലപ്പെട്ട സ്വത്വക്ക് ഇന്ത്യയിൽ താമസിക്കുന്നതിനുള്ള പെർമിറ്റ് ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഇവരെ കൊലപ്പെടുത്തിയ നിലയിലും ഭർത്താവിനെ ഗുരുതരമായി പരിക്കേറ്റ നിലയിലും ഇവർ താമസിച്ചിരുന്ന കോടാലിമുക്കിലെ ബന്ധുവീട്ടിൽ കാണപ്പെട്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവരുടെ വിവരങ്ങൾക്കായി ഫോറിൻ രജിസ്ട്രേഷൻ ഓഫിസുമായി പൊലീസ് ബന്ധപ്പെട്ടുവരുകയാണ്. ഇസ്രായേലിൽനിന്ന് ബന്ധുക്കൾ എത്തുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്. ഉത്തരാഖണ്ഡിൽ യോഗ പഠിക്കാനെത്തിയപ്പോഴാണ് യോഗ അധ്യാപകനായ കൃഷ്ണചന്ദ്രനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഒരുവർഷം മുമ്പാണ് ഇവർ കോടാലിമുക്കിലെ ബന്ധുവീട്ടിലെത്തിയത്. സോറിയാസിസ് ബാധിതനായ കൃഷ്ണചന്ദ്രനും ഭാര്യയും കഴിഞ്ഞവർഷം തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് വിവരം. കൃഷ്ണചന്ദ്രൻ പൊലീസ് നിരീക്ഷണത്തിൽ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.