പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പ്രതികളെ ഏഴുദിവസത്തെ കസ്റ്റഡിയിൽ വിട്ടു
text_fieldsമഞ്ചേരി: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകക്കേസിൽ പ്രതികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരെയാണ് ഏഴുദിവസം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ഇവരെ കോടതിയിലെത്തിച്ചത്. നടപടി പൂർത്തിയാക്കി 2.45 ഓടെ പുറത്തിറക്കി. ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ എന്നിവരെ മുഖം മറച്ചാണ് കോടതിയിലെത്തിച്ചത്. തിരിച്ചറിയൽ പരേഡ് പൂർത്തിയാകാത്തതിനാലാണിത്. മറ്റൊരു പ്രതി നൗഷാദിനെ നേരത്തേ കസ്റ്റഡിയിൽ വാങ്ങി ഷൈബിൻ അഷ്റഫിന്‍റെ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഷൈബിന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ തുടർച്ചയായാണ് മറ്റു മൂന്നുപേരെയും കസ്റ്റഡിയിൽ വാങ്ങുന്നത്. ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിച്ചിരുന്നു. മറ്റ് പ്രതികളായ അഞ്ച് പേർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാടു തേടി
കൊച്ചി: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്‌ന, മുൻ എ.എസ്.ഐയും ഷൈബിന്റെ ജീവനക്കാരനുമായ സുന്ദരൻ എന്നിവർ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ സർക്കാറിന്റെ നിലപാടു തേടി. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് 2019ൽ ഷാബ ഷെരീഫിനെ പ്രതികൾ മലപ്പുറത്തേക്ക് തട്ടിക്കൊണ്ടുവന്ന് ഒന്നേകാൽ വർഷം തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നുമാണ് കേസ്. ഷൈബിൻ ഉൾപ്പെടെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാസി വ്യവസായിയായ ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ കുളിമുറിയോടു ചേർന്നുള്ള മുറിയിലാണ് ഷാബ ഷെരീഫിനെ തടവിൽ പാർപ്പിച്ചിരുന്നതെന്നും ഫസ്‌ന ഇക്കാലയളവിൽ വീട്ടിലുണ്ടായിരുന്നതിനാൽ സംഭവത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാൽ, താൻ നിരപരാധിയാണെന്നും സംഭവത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നുമാണ് ഫസ്‌നയുടെ വാദം. ഭർത്താവിന്റെ ദൈനംദിന ഇടപാടുകളിൽ ഇടപെടാറില്ലെന്നും ഹരജിയിൽ പറയുന്നു. ഷൈബിന്റെ ജീവനക്കാരനായി താൻ എത്തുന്നത് 2020 നവംബറിനു ശേഷമാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നുമാണ് സുന്ദരന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.