അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
text_fieldsകോട്ടയം: ഈരാറ്റുപേട്ടയിൽ അന്തർ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും.
ബംഗ്ലാദേശ് സ്വദേശിയായ അൽ മാമൂണിനെയാണ് (33) കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. ബംഗാൾ സ്വദേശി കേശവ്ദാസാണ് (26) കൊല്ലപ്പെട്ടത്. 2017 ഒക്ടോബർ 26നാണ് സംഭവം. ഈരാറ്റുപേട്ടയിലെ ആക്രിക്കടയിൽ ജീവനക്കാരായിരുന്ന പ്രതിയും കൊല്ലപ്പെട്ട കേശവ്ദാസും സമീപത്തെ ലോഡ്ജിലാണ് കഴിഞ്ഞിരുന്നത്. കൊലപാതകത്തിന്റെ തലേന്ന് മദ്യപാനത്തിനിടെ ഇരുവരും വഴക്കുണ്ടാക്കി.
ഇതിനിടെ കേശവ്ദാസ് മാമൂണിനെ മർദിച്ചു. ഇക്കാര്യം പിറ്റേന്ന് കേശവ്ദാസ് മറ്റുള്ളവരോട് പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിൽ വൈകിട്ട് മാമൂൺ കത്തിയുമായെത്തിയെത്തി കേശവ്ദാസിനെ കുത്തുകയായിരുന്നു.
അന്നത്തെ ഈരാറ്റുപേട്ട എസ്.എച്ച്. ഒ സി.ജി. സനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ബംഗാളിലുണ്ടെന്ന് വിവരം ലഭിച്ചു. തുടരന്വേഷണത്തിൽ ജയിലിലാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബംഗാളിൽനിന്ന് ബംഗ്ലാദേശിലേക്ക് കടക്കാൻ പൊലീസിന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിനാണ് ഇയാൾ ജയിലിലായത്. ബംഗാൾ സ്വദേശിയെന്ന് പരിചയപ്പെടുത്തിയായിരുന്നു മാമൂൺ ഈരാറ്റുപേട്ടയിൽ ജോലി ചെയ്തിരുന്നത്.
കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗിരിജ ബിജു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.