ക്വാറി ഉടമയുടെ കൊലപാതകം; ഒരാൾ കസ്റ്റഡിയിലായിട്ടും ദുരൂഹത നീങ്ങിയില്ല
text_fieldsതിരുവനന്തപുരം: ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടും ദുരൂഹത നീങ്ങിയില്ല. ബുധനാഴ്ച രാവിലെ തമിഴ്നാട് പൊലീസ് മലയത്തുനിന്ന് കസ്റ്റഡിയിലെടുത്ത അമ്പിളി (ചൂഴാറ്റുകോട്ട അമ്പിളി) ഗുണ്ടാനേതാവും ദീപുവുമായി ബന്ധമുള്ള ആളുമാണെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. കൊലക്കേസ് പ്രതിയായ ഇയാള്‍ ജയില്‍ മോചിതനായ ശേഷം പശു വളര്‍ത്തല്‍ പോലുള്ള കാര്യങ്ങളാണ് ചെയ്തിരുന്നത്.
പ്രായാധിക്യവും കരൾരോഗമുൾപ്പെടെയുള്ള ഇയാൾക്ക് ഒറ്റക്ക് കൃത്യം ചെയ്യാനാവുമോ എന്ന കാര്യത്തിലും പൊലീസ് സംശയിക്കുന്നു. കൃത്യം നടത്തിയ ശേഷം കാറിന് സമീപത്ത് നിന്ന് മടങ്ങുന്ന ഒരാളുടെ സി.സി ടി.വി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽനിന്നാണ് പൊലീസ് അമ്പിളിയിലെത്തിയത്.
താൻ ഒറ്റക്കാണ് കൊല നടത്തിയതെന്ന് അമ്പിളി പൊലീസിനോട് പറഞ്ഞെങ്കിലും മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. കൊലപാതകത്തിന്റെ കാരണമോ, കാറിലുണ്ടായിരുന്ന പണം എവിടെയെന്നോ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. അമ്പിളി ദീപുവിന്റെ സുഹൃത്താണെന്ന് ക്രഷർ സൂപ്പർവൈസർ പറഞ്ഞതും കൃത്യത്തിന് പിന്നിലെ ലക്ഷ്യം പണം മാത്രമാണോ എന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
കരള്‍ രോഗമുള്ള അമ്പിളി സ്ഥിരമായി ദീപുവിന്റെ അടുത്തെത്തി പണം വാങ്ങിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ക്വാറിയിലെത്തി പണം ആവശ്യപ്പെട്ടു. തലസ്ഥാനത്തെ പഴയ ഗുണ്ടാനേതാവായിരുന്ന അമ്പിളി ഇരട്ടക്കൊലക്കേസില്‍ പ്രതിയായിരുന്നു. ഇപ്പോള്‍ ക്വാറി, മണല്‍ മാഫിയയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം. മുക്കുന്നിമലയില്‍ ദീപുവിന് ക്വാറിയുണ്ടായിരുന്നു. ഇതിനു സമീപത്താണ് അമ്പിളിയുടെ താമസം.
ദീപു എന്തിനാണ് പൊള്ളാച്ചിയിലേക്കുള്ള യാത്രയില്‍ അമ്പിളിയെ ഒപ്പം കൂട്ടിയത് എന്ന സംശയമാണ് പൊലീസിനുള്ളത്. തമിഴ്നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ക്രഷർ സൂപ്പർവൈസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പിളിയിലേക്ക് അന്വേഷണം നീണ്ടത്. സി.സി ടി.വി ദൃശ്യങ്ങളില്‍ കാറില്‍നിന്ന് ഇറങ്ങി പോകുന്ന ആള് മുടന്തിയാണ് നടക്കുന്നത്. ഇതും സംശയത്തിന് ഇടയാക്കി.
ദീപുവിന്റെ കൊലക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മലയിന്‍കീഴിലെ വീട്ടില്‍നിന്ന് ദീപു സ്വന്തം കാറില്‍ പണവുമായി പോയത്. മാര്‍ത്താണ്ഡത്തുനിന്ന് സുഹൃത്ത് കാറില്‍ കയറുമെന്ന് ദീപു വീട്ടുകാരോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് ദീപു കൊല്ലപ്പെട്ടു.
കളിയിക്കാവിള പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് ഏകദേശം 200 മീറ്റര്‍ മാറിയാണ് കാറില്‍ ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.