ഒന്നര വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം
text_fieldsതൊടുപുഴ: ഒന്നര വയസ്സുകാരനെ കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവിനു ജീവപര്യന്തം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ.
കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളി മോളെയാണ് (39) തൊടുപുഴ നാലാം അഡീഷനൽ സെഷന്‍സ് ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. 2018 ഏപ്രില്‍ 18ന് പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തിലാണ് കേസിനാസ്പദമായ സംഭവം.
റോളിയും കുടുംബവും അവിടെ അമ്മാവെൻറ വീടുപണിയുമായി ബന്ധപ്പെട്ടാണ് താമസത്തിനെത്തിയത്. യുവതിക്ക് ഈ കുട്ടി കൂടാതെ ഏഴു വയസ്സായ ഓട്ടിസം ബാധിച്ച ഒരു കുട്ടി കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്നശേഷം മൂത്തകുട്ടിയുമൊത്ത് ജീവനൊടുക്കാനാണ് തയാറെടുത്തതെന്നായിരുന്നു പ്രോസിക്യൂഷെൻറ ആരോപണം.
വീട്ടില്‍ മറ്റാരുമില്ലെന്നും ബന്ധുക്കളോ പരിചയക്കാരോ ഉടന്‍ വരില്ലെന്നും ഉറപ്പുവരുത്തിയ ശേഷമായിരുന്നു കൊല. കഴുത്തില്‍ വിരല്‍ അമര്‍ത്തിയ വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍നിന്ന് താഴെ വീണപ്പോള്‍ ഭയന്ന റോളി ഉടൻ സമീപവാസികളെ വിളിച്ചുകൂട്ടി.
കുട്ടി കട്ടിലില്‍നിന്ന് വീണെന്നാണ് ഏവരോടും പറഞ്ഞത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കഴുത്തിലെ വിരല്പാട് കണ്ട് സംശയം തോന്നിയ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്.
ഉപ്പുതറ എസ്.െഎ ആയിരുന്ന ഷിബുകുമാറാണ് അന്വേഷണം നടത്തി പ്രതിയെ മൂന്നാം ദിവസം അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രതി കിണറ്റില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു. പ്രതിക്ക് മനോരോഗം ഉണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല.
മൂത്തകുട്ടിയുടെ സംരക്ഷണം ജില്ല ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി. കോലോത്ത് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.