ഹോട്ടലില്‍ യുവാവിന്റെ കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍
text_fieldsനേമം: ഹോട്ടല്‍ മുറിയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സുഹൃത്തുക്കള്‍ അറസ്റ്റില്‍. പാങ്ങോട് ഇടപ്പഴിഞ്ഞി പഴനി നഗര്‍ ടി.സി9/2013 (6)ല്‍ കുട്ടു എന്നുവിളിക്കുന്ന ശ്രീജിത്ത് (35), ഇടപ്പഴിഞ്ഞി പാലോട്ടുകോണം റോഡ് പി.ആര്.എ 45ല്‍ രാജേഷെന്ന കൃഷ്ണപ്രസാദ് (36) എന്നിവരാണ് പിടിയിലായത്. വെള്ളയമ്പലം ശ്രീനിവാസ് നഗര്‍ ടി.സി 15/343ല്‍ ബി.എസ് സജുമോന് (42) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
സുഹൃത്തുക്കള്‍ ചേര്‍ന്ന് അരിസ്റ്റോ ജങ്ഷനിലെ ഒരു ഹോട്ടലില്‍ മദ്യപിക്കുന്നതിനായി മുറിയെടുത്തു. ശ്രീജിത്താണ് മുറി ശരിയാക്കി നല്‍കിയത്. ഇവിടത്തെ വാടകക്കും മദ്യം വാങ്ങാനുമായി കൃഷ്ണപ്രസാദ് തന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്ന പാചക വാതക സിലിന്‍ഡര്‍ വില്പന നടത്തി 2000 രൂപ വാങ്ങി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാത്രിയും ഇവര്‍ മുറിയിലിരുന്ന് മദ്യപിച്ചു. ബുധനാഴ്ച ബാത്ത് റൂമിലേക്ക് പോയ കൃഷ്ണപ്രസാദ് പോക്കറ്റിലുണ്ടായിരുന്ന പണം കാണാനില്ലെന്ന് പറഞ്ഞു. ഇതിനെക്കുറിച്ച് സജുമോനുമായി വാക്കേറ്റമായി. ശ്രീജിത്ത് ഇത് ഏറ്റുപിടിച്ചതോടെ ഇരുവരും ചേര്‍ന്ന് സജുമോനെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ ഇയാളുടെ വാരിയെല്ലുകള്‍ പൊട്ടി, ആന്തരിക രക്തസ്രാവമുണ്ടായി. സുഹൃത്ത് അബോധാവസ്ഥയിലായതോടെ പ്രതികൾ പുറത്തേക്ക് പോയി. മുറി ഒഴിയാനുള്ള സമയം ബുധനാഴ്ച രാത്രി 8 മണിയായിരുന്നു. മാനേജര്‍ നടത്തിയ പരിശോധനയിലാണ് സജുമോന് അബോധാവസ്ഥയില്‍ കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് ശ്രീജിത്തിനെ വിളിച്ചു. ഇയാള്‍ സുഹൃത്തിനെ ആശുപത്രിയിലെത്തിക്കാൻ ഏര്‍പ്പാട് ചെയ്തതല്ലാതെ ഒപ്പം പോയില്ല. ബുധനാഴ്ച രാത്രി 10 ഓടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് സജുമോന്റെ മരണം സ്ഥിരീകരിച്ചത്.
കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
നേമം: സജുമോന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് സുഹൃത്തുക്കളെ കുരുക്കിലാക്കിയത്. ഇയാളുടെ ആന്തരിക രക്തസ്രാവവും അടിയേറ്റ പാടുകളുമാണ് കൊലപാതക സാധ്യതയിലേക്ക് പൊലീസിനെ എത്തിച്ചത്. ആദ്യം ശ്രീജിത്തും പിന്നീട് കൃഷ്ണപ്രസാദുമാണ് പിടിയിലായത്. ആദ്യം കുറ്റം നിഷേധിച്ച ഇവര്‍ പിന്നീട് കൊലപാതകത്തെക്കുറിച്ച് വിശദീകരിച്ചു. മൂവരും ഹോട്ടലിലേക്ക് വന്നത് ശ്രീജിത്തിന്റെ ഓട്ടോറിക്ഷയിലായിരുന്നുവെന്നും മദ്യവുമായാണ് മുറിയിലെത്തിയതെന്നും പണത്തെച്ചൊല്ലിയാണ് വാക്കേറ്റവും അടിപിടിയുമുണ്ടായതെന്നും ഇവര്‍ സമ്മതിക്കുകയായിരുന്നു.
ഫോര്‍ട്ട് എ.സി എം.കെ. ബിനുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തമ്പാനൂര്‍ സി.ഐ എസ്. സുധീഷ്കുമാര്‍, എസ്.ഐമാരായ രഞ്ജിത്ത്, സുബിന്, അരവിന്ദ്, ഗോപകുമാര്‍, എ.എസ്.ഐ മുരളി, സി.പി.ഒമാരായ വിജി, അഖിലേഷ്, ദിലീപ്കുമാര്, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫിസര്‍ ശിവപ്രസാദ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.