നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതിയെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വാങ്ങും
text_fieldsനിലമ്പൂർ: നാട്ടുവൈദ്യന്റെ കൊലപാതക കേസിലെ കൂട്ടുപ്രതികളെല്ലാം മുങ്ങിയത് പാസ്പോർട്ടുകളുമായി. നിലമ്പൂർ സ്വദേശികളായ അഞ്ചുപേരാണ് ഒളിവിൽ പോയത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വ്യവസായ ശൃംഖലയുള്ള അബൂദബിയിൽ ഇവർക്ക് കാര്യമായ ബന്ധങ്ങളുണ്ട്.
അഞ്ചുപേരും മുമ്പ് അബൂദബിയിലെ ഷൈബിന്റെ കമ്പനിയിൽ ജോലി ചെയ്തവരാണ്. ഷൈബിന് മാത്രമാണ് അബൂദബിയിൽ വിലക്കുള്ളത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികൾ വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.
പാസ്പോർട്ട് കൈവശമുള്ളതിനാൽ വിസിറ്റിങ് വിസക്ക് വിദേശത്തേക്ക് പോവാൻ പ്രയാസമില്ല. എയർപോർട്ടുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഷൈബിൻ അഷ്റഫ് പിടിയിലായതോടെ ബംഗളൂരുവഴി വിദേശത്തേക്ക് കടക്കാൻ പ്രതികൾക്ക് സമയം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ, പ്രതികൾക്ക് വിദേശത്തേക്ക് കടക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
കൊലപാതകക്കേസിലെ മുഖ്യപ്രതിയെയും കൂട്ടാളികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സൂത്രധാരൻ നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരാണ് ജയിലിലുള്ളത്.
മൂന്നുപേരുടെയും ഒരുമിച്ചുള്ള കസ്റ്റഡിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ കസ്റ്റഡിയിലുള്ള സുൽത്താൻ ബത്തേരി സ്വദേശി തങ്കലകത്ത് നൗഷാദിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച തീരും. മുഖ്യപ്രതി ഷൈബിനുമായുള്ള തെളിവെടുപ്പ് നിർണായകമാണ്. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച തടിക്കഷ്ണവും കത്തിയും മറ്റ് ആയുധങ്ങളും കണ്ടെത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.