മ്യൂസിയം അതിക്രമ കേസ്; കസ്റ്റഡിയിലെടുത്ത ഏഴുപേരെ വിട്ടയച്ചു
text_fieldsതിരുവനന്തപുര: മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത ഏഴുപേരെയും വിട്ടയച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടേയും രേഖാചിത്രത്തിന്റേയും അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആക്രമണത്തിന് ഇരയായ സ്ത്രീയെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഇവരല്ല പ്രതികള്‍ എന്ന നിഗമനത്തിലാണ് പൊലീസ്. തുടർന്നാണ് ഇവരെ വിട്ടയച്ചത്. അതേസമയം, മറ്റൊരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. തുടർന്ന് അന്വേഷണവും തിരച്ചിലും പൊലീസ് ഊർജിതമാക്കി.
പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും നാലു ദിവസമായി മറ്റ് തെളിവുകളൊന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. യുവതി ആക്രമിക്കപ്പെട്ട ദിവസം കുറവൻകോണത്ത് വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഇതേ പ്രതിയാണെന്ന് വീട്ടുടമ ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.