സമസ്ത പ്രതിഷേധം സാദിഖലി തങ്ങളെ നേരിട്ട് അറിയിക്കാൻ മുശാവറ തീരുമാനം
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കളുടെ സമസ്ത വിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നത്തിൽ സമസ്തയുടെ പ്രതിഷേധം പാണക്കാട് സാദിഖലി തങ്ങളെ നേരിട്ട് ധരിപ്പിക്കാൻ മുശാവറ യോഗ തീരുമാനം.
ചൊവ്വാഴ്ച കോഴിക്കോട് സമസ്താലയത്തിൽ ചേർന്ന മുശാവറ യോഗം ഇതിന് നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. എം.ടി. അബ്ദുല്ല മുസ്ലിയാർ, പി.പി. ഉമർ മുസ്ലിയാർ കൊയ്യോട്, ഉമ്മർ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ എന്നീ മുശാവറ അംഗങ്ങളാണ് സാദിഖലി തങ്ങളെ കണ്ട് സമസ്തയുടെ നിലപാട് അറിയിക്കുക. സമസ്തയുടെ ഉത്തരവാദപ്പെട്ടവർ പരാതി ഉന്നയിച്ചിട്ടില്ലെന്നും നേതാക്കൾ ഒപ്പിട്ടു നൽകിയ കത്ത് താൻ കണ്ടിട്ടില്ലെന്നും കഴിഞ്ഞദിവസം സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടി ജന. സെക്രട്ടറി പി.എം.എ. സലാം, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി എന്നിവരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട നിലപാട് തങ്ങളെ നേരിട്ട് അറിയിക്കാൻ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
ലീഗ് നേതാക്കളുടെ സമസ്ത വിരുദ്ധ നിലപാടിൽ ചില മുശാവറ അംഗങ്ങൾ യോഗത്തിൽ ശക്തമായ വിമർശനം നടത്തി. ഇതുസംബന്ധിച്ച് പ്രമേയം പാസാക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എ.വി. അബ്ദുറഹ്മാൻ മുസ്ലിയാരും ഉമ്മർ ഫൈസി മുക്കവുമാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.സി.ഐ.സിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ യോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുശാവറ ആവര്‍ത്തിച്ചു.
സമസ്ത തീരുമാനങ്ങൾ അംഗീകരിക്കാൻ തയാറാണെന്നു കാണിച്ച് സി.ഐ.സി നൽകിയ കത്ത് യോഗം പരിഗണിച്ചില്ല.
അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരിയെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, ക്ലാസുകള്‍, അദ്ദേഹം നേതൃത്വം നല്കുന്നതോ പങ്കാളിത്തം വഹിക്കുന്നതോ ആയ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍, സിലബസ് തുടങ്ങിയവ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആദര്‍ശ നിലപാടുകളില്‍ ‘ബിദ്ഈ’(പുത്തൻ ആശയം) ചിന്തകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സമസ്തക്ക് ബോധ്യമായതായി മുശാവറ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ഹക്കീം ഫൈസി നേതൃത്വം നല്കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചത്.
സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ പല പ്രാവശ്യം യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയുമുണ്ടായി. സമസ്തയുടെ തീരുമാനത്തിൽ ഒരു മാറ്റവുമുണ്ടായില്ലെന്നിരിക്കെ, സമസ്തയുടെ പ്രവര്‍ത്തകരോ പ്രസ്ഥാനബന്ധുക്കളോ അനാവശ്യ ചര്‍ച്ചകളിലോ തെറ്റിദ്ധാരണകളിലോ അകപ്പെട്ടു പോകരുതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.