കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് രാജേഷ് കുമാറിനും അഫ്താബിനും
text_fieldsകോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2022ലെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് ‘മെട്രൊ വാർത്ത’ സ്പോർട്സ് എഡിറ്റർ സി.കെ. രാജേഷ് കുമാറും ഫോട്ടോഗ്രാഫി അവാര്‍ഡിന് ‘സുപ്രഭാതം’ മലപ്പുറം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ പി.പി. അഫ്താബും അര്‍ഹരായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്‌കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ല ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.
2022 ജൂലൈ 25 മുതൽ ഏഴു ദിവസങ്ങളിലായി മെട്രോ വാർത്തയിൽ പ്രസിദ്ധീകരിച്ച, ‘കായിക സിദ്ദി തേടി’ എന്ന ലേഖന പരമ്പരക്കാണ് രാജേഷ്‍കുമാറിന് പുരസ്‌കാരം. ആഫ്രിക്കയിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ സിദ്ദി സമൂഹത്തിന് ഇന്ത്യൻ കായിക രംഗത്തിന് വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന ആശയമാണ് ലേഖന പരമ്പര മുന്നോട്ടുവെക്കുന്നത്. പ്രമുഖ കളിയെഴുത്തുകാരായ എ.എന്‍. രവീന്ദ്രദാസ്, കമാല്‍ വരദൂര്‍, കെ.എം.നരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നേടിയ പരമ്പര തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാർത്താക്കുറിപ്പില്‍ അറിയിച്ചു.
2022 ഒക്ടോബർ 24ന് സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിച്ച, സംസ്ഥാന സബ് ജൂനിയർ അത്‌ലറ്റിക് മീറ്റില്‍ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വാട്ടർ ജമ്പ് ചെയ്യുന്നതിനിടെ ഹർഡിലിൽ കാലുതെന്നി അത്‌ലറ്റ് വീഴുന്ന ചിതമാണു അഫ്താബിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ ടി. മോഹൻദാസ്, പി.ജെ. ഷെല്ലി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.കെ. രവീന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് ഫോട്ടോ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയായ സി.കെ. രാജേഷ് കുമാറിന് ഇത് മൂന്നാം തവണയാണ് (2012, 2017, 2022) മുഷ്ത്താഖ് അവാർഡ് ലഭിക്കുന്നത്. പാമ്പൻ മാധവൻ അവാർഡ് (2017), സ്കൂൾ മീറ്റ് സമഗ്ര റിപ്പോർട്ടിങ്ങിനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ അവാർഡ് (2019) തുടങ്ങി വിവിധ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നാലു വർഷമായി മെട്രൊ വാർത്തയിൽ പ്രവർത്തിക്കുന്നു. 2005 മുതൽ 2019 വരെ ദീപികയിലായിരുന്നു. ലോകകപ്പ് ഫുട്ബാൾ (2014, 2022 ) കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ അത് ലറ്റിക് ചാംപ്യൻഷിപ്പുകൾ, ക്രിക്കറ്റ് ലോകകപ്പുകൾ, അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ, ഐ പി എൽ, ഐഎസ്എൽ, തുടങ്ങി നിരവധി അന്താരാഷ്ട്ര ദേശീയ മൽസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടു. ഭാര്യ ലക്ഷ്മി പ്രിയ പി.എസ് സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറാണ്. മക്കൾ: ശ്രേയസ്. ആർ, നവ്ദീപ്.
പി.പി അഫ്താബിന് രണ്ടാം തവണയാണ് മുഷ്ത്താഖ് ഫോട്ടോഗ്രഫി അവാർഡ് ലഭിക്കുന്നത് (2016, 2022). 2012ല്‍ മാധ്യമ മേഖലയിൽ എത്തിയ അഫ്താബ് 2014 മുതല്‍ സുപ്രഭാതം പത്രത്തിന്റെ കോഴിക്കോട്, മലപ്പുറം യൂനിറ്റുകളില്‍ ജോലി ചെയ്ത് വരുന്നു. 2022ല്‍ മലപ്പുറം ജില്ല ഒളിമ്പിക്‌സ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി അവാര്‍ഡ്, 2021ല്‍ സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി മീഡിയ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മലപ്പുറം ചാപ്പനങ്ങാടി പാലപ്പറമ്പന്‍ ഹൗസില്‍ പരേതനായ പി.പി അലവിക്കുട്ടി - കെ. മുംതാസ് ദമ്പതികളുടെ മകനാണ്. പി.എം മന്‍ഷുബയാണ് ഭാര്യ. മകൾ: നോഷി മുംതാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.