ആർ.എല്‍.വി. രാമകൃഷ്ണനെതിരായ ജാതിയധിക്ഷേപം; പ്രതികരിച്ച് ബിജിബാൽ
text_fieldsതിരുവനന്തപുരം: മോഹിനിയാട്ട കലാകാരനും അന്തരിച്ച സിനിമാ നടൻ കലാഭവൻ മണിയുടെ അനുജനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമ പറഞ്ഞു. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തിൽ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഒറ്റവരി പോസ്റ്റിലൂടെയായിരുന്നു ബിജിബാൽ നിലപാട് വ്യക്തമാക്കിയത്. ‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’, എന്നായിരുന്നു അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചത്. രാമകൃഷ്ണന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. ദുരനുഭവം വെളിപ്പെടുത്തി ആർ.എൽ.വി രാമകൃഷ്ണൻ എഴുതിയ കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു ബിജിബാലിന്റെ പ്രതികരണം.
കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ ആർ.എൽ.വി. രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ. ബിന്ദുവും രംഗത്തെത്തിയിരുന്നു. ആർ.എൽ.വി. രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റായാണ് അധിക്ഷേപത്തിനെതിരെ മന്ത്രി ബിന്ദു പ്രതികരിച്ചത്. പുഴുക്കുത്ത് പിടിച്ച മനസുള്ളവർ എന്തും പറയട്ടെ എന്നും ആർ.എൽ.വി. രാമകൃഷ്ണന്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനനായ കലാകാരനാണെന്നും മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി
സംഭവത്തിൽ പ്രതിഷേധസൂചകമായി രാമകൃഷ്‌ണൻ ചാലക്കുടി ഗവ. ആശുപത്രിയുടെ സമീപമുള്ള കലാഗൃഹത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ രാമകൃഷ്‌ണനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വെ.എഫ്.ഐ ആണ് പരിപാടി സംഘടിപ്പിച്ചത്. വൈകീട്ട് ആറ് മണിക്ക് ആരംഭിച്ച പരിപാടിയിൽ ഡി.വെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.