വെറും അമ്പത് രൂപക്ക് വേണ്ടി തല്ലാനും കൊല്ലാനും തയ്യാറായി യുവാക്കള്‍
text_fieldsഏറ്റുമാനൂര്‍: വെറും 50 രൂപയ്ക്കു വേണ്ടി തല്ലാനും കൊല്ലാനും തയ്യാറായി യുവാക്കള്‍. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ ജയ്സണ്‍ ജെ. നായര്‍ക്ക് നേരെ ഉണ്ടായ ആക്രമണം 50 രൂപ ചോദിച്ചിട്ട് കൊടുത്തില്ല എന്ന കാരണം പറഞ്ഞായിരുന്നു. ഒറ്റനോട്ടത്തില്‍ ലഹരിമരുന്നിന് അടിമകളാണെന്ന് പറയാവുന്ന കൗമാരക്കാരുള്‍പ്പെട്ട മൂന്നംഗ സംഘമാണ് വടിവാളും മറ്റുമായി വാഹനം തടഞ്ഞുനിര്‍ത്തി ജയ്സണ് നേരെ അക്രമം അഴിച്ചുവിട്ടത്.
വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വസതിയില്‍ നിന്ന് തിരികെ ഏറ്റുമാനൂരിലേക്ക് വരുന്നവഴി ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വൈക്കം ഇടയാഴത്ത് വെച്ചായിരുന്നു ജയ്സണ്‍ ആക്രമിക്കപ്പെട്ടത്. ഇടയാഴം - കല്ലറ റോഡിലൂടെ സഞ്ചരിക്കവെ മൊബൈലില്‍ വന്ന വിളിക്ക് മറുപടി പറയാനായി വഴിയരികില്‍ കാര്‍ ഒതുക്കിനിര്‍ത്തിയപ്പോഴാണ് ബൈക്കില്‍ അതുവഴി എത്തിയ സംഘം ജയ്സനെ സമീപിച്ചത്. വളവായതിനാല്‍ ഇവിടെ വാഹനം നിര്‍ത്തരുതെന്നും മാറ്റി നിര്‍ത്തണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച് കാര്‍ മുന്നോട്ട് മാറ്റി നിര്‍ത്തി ജയ്സണ്‍ ഫോണില്‍ സംസാരം തുടരുകയായിരുന്നു. ഇതിനിടെ വീണ്ടും കാറിനടുത്തെത്തിയ സംഘത്തിലെ ഒരാള്‍ തന്നോട് 50 രൂപാ ആവശ്യപ്പെട്ടതായി ജയ്സണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. എന്തിനാണ് പണമെന്ന് ചോദിച്ചതോടൊപ്പം തന്‍റെ കയ്യില്‍ 50 രൂപ ഇല്ലെന്നും അദ്ദേഹം പറഞ്ഞുവത്രേ. ഇതോടെയാണ് ഇവര്‍ അക്രമം അഴിച്ചുവിട്ടത്. ആദ്യം ജയ്സന്‍റെ പിടലിക്ക് മര്‍ദിച്ചു. അപ്പോഴേക്കും സമീപത്തെത്തിയ രണ്ടാമന്‍ വടിവാള്‍ എടുത്ത് ജയ്സന് നേരെ വീശുകയായിരുന്നു.
എന്നാല്‍, സംഘത്തിലെ മറ്റൊരാള്‍ പിടിച്ചുമാറ്റിയതിനാല്‍ ഇദ്ദേഹത്തിന് വെട്ടുകിട്ടിയില്ല. ഈ തക്കം നോക്കി കാര്‍ മുന്നോട്ടെടുത്ത് ഓടിച്ചു പോരുകയായിരുന്നു അദ്ദേഹം. ആളുകള്‍ കൂടിനിന്ന പ്രദേശത്ത് എത്തി തനിക്കുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ വ്യാപാരികള്‍ ഉള്‍പ്പെടെ തങ്ങള്‍ കഞ്ചാവ് മാഫിയായുടെ ഭീഷണിയിലാണ് ഇവിടെ ജീവിക്കുന്നതെന്ന് പറഞ്ഞതായി ജയ്സണ്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. കഞ്ചാവിനും ലഹരിമരുന്നുകള്‍ക്കും അടിമകളായി വെറും അമ്പതു രൂപക്ക് വേണ്ടി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ വരെ തുനിയുന്ന രീതിയില്‍ വളര്‍ന്നു പന്തലിച്ചിരിക്കുന്ന ഇത്തരം സംഘങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അതേസമയം, ജയ്സണ്‍ ജെ. നായര്‍ ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതല്ലാതെ പരാതി നല്‍കാനോ വിവരം പൊലീസിനെ അറിയിക്കാനോ തയ്യാറായില്ലെന്ന് വൈക്കം ഡി.വൈ.എസ്.പി എ.ജെ. തോമസ് പറഞ്ഞു. വൈക്കം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.
ഇത്തരം സംഭവങ്ങള്‍ നടന്നാലുടന്‍ വിവരം പൊലീസിനെ അറിയിക്കാന്‍ വൈകുന്നത് പ്രതികള്‍ രക്ഷപെടുന്നതിന് അവസരം ഒരുക്കുകയാണെന്നും ഡി.വൈ.എസ്.പി മാധ്യമത്തോട് പറഞ്ഞു. പരാതി ലഭിച്ചില്ലെങ്കിലും ഇന്ന് രാവിലെ വൈക്കം പൊലീസ് ജയ്സനെ വിളിച്ച് വരുത്തി മൊഴി എടുത്തു കൊണ്ടിരിക്കുകയാണെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.