‘ഇവരെയൊക്കെ വിശുദ്ധന്മാർ എന്നല്ലേ വിളിക്കേണ്ടത്’; ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ
text_fieldsതൃശൂർ: ആർ.എസ്.എസ് തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച വിദജയദശമി പഥസഞ്ചലന പരിപാടിയിൽ അധ്യക്ഷനായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ആർ.എസ്.എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. വ്യക്തിപരമായ ഒരു സ്വാർഥതക്കും ഇടം കൊടുക്കാതെ പ്രവർത്തിക്കുന്ന സംഘത്തിന് പ്രണാമം. സംഘത്തിലെ ഒരു വിഭാഗം അവരുടെ ജീവിതം തന്നെ സംഘത്തിന് അർപ്പിച്ചവരാണെന്നത് പുതിയ വിവരമാണ്. അത്രയും മഹത്തരമാണ് അവരുടെ സേവനം. ഇവരെയൊക്കെ നാം ശരിക്കും വിശുദ്ധന്മാർ എന്നല്ലേ വിളിക്കേണ്ടത് -എന്നിങ്ങനെ പോകുന്നു ഔസേപ്പച്ചന്‍റെ പ്രസംഗം.
“ആർ.എസ്.എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആർ.എസ്.എസ് നല്‍കിയ പാഠങ്ങളാണ്. ഇതുപൊലൊരു അച്ചടക്കം എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അർഹതയുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ 45 വർഷത്തോളമായി യോഗ ചെയ്യുന്ന ആളാണ് ഞാൻ. പ്രധാനമന്ത്രി യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ വർത്തകളിലൂടെയും പത്രങ്ങളിലൂടെയും കാണാറുണ്ട്.
സംഗീതമല്ലാതെ മറ്റു കാര്യങ്ങൾ ഞാൻ കൃത്യമായി ശ്രദ്ധിക്കാറില്ല. പറയുന്നത് രാഷ്ട്രീയമല്ല. രാഷ്ട്രീയത്തിന് കേരളത്തിൽ വേറെ അർഥമല്ലേ.. ഔസേപ്പച്ചൻ എന്താ ഇവിടെയെന്ന് ചിലർ കരുതിയിട്ടുണ്ടാകും. സംഘമെന്നത് സങ്കുചിതമായി ചിന്തിക്കുന്നവരല്ല, വിശാലമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്”. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചവരോട് നന്ദി അറിയിച്ചുകൊണ്ടാണ് ഔസേപ്പച്ചൻ പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം, തൃശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ ന്യൂനപക്ഷ സമുദായങ്ങൾ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗം വലിയ രീതിയിൽ സ്വാധീനിച്ചു എന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതാണ് ഔസേപ്പച്ചന്റെ പരിപാടിയിലെ പ്രാതിനിധ്യവും പ്രസംഗവും. തെരഞ്ഞെടുപ്പിന് മുമ്പ് ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താൻ മോദി നേരിട്ട് രംഗത്തിറങ്ങിയിരുന്നു. എന്നാൽ ഔസേപ്പച്ചൻ ചടങ്ങിനെത്തിയതിന് പിന്നിൽ രാഷ്ട്രീയ നീക്കങ്ങൾ എന്തെങ്കിലും ഉണ്ടെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.