'പുളിയിലക്കരയോലും പുടവ ചുറ്റി'യ സംഗീത സംവിധായകൻ ആർ. സോമശേഖരൻ ഇനി ഓർമ
text_fieldsതിരുവനന്തപുരം: സിനിമ-സീരിയൽ സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 5.15ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗറിലായിരുന്നു താമസം.
1982ൽ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ജാതകം എന്ന ചിത്രത്തിലെ 'പുളിയിലക്കരയോലും പുടവ ചുറ്റി...' എന്ന ഗാനം ഏറെ ശ്രദ്ധ നേടി. ആര്‍ദ്രം, വേനല്‍ക്കാലം, ബ്രഹ്മാസ്ത്രം, മിസ്റ്റര്‍ പവനായി 99.99, അയാള്‍, ഈ അഭയതീരം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. 'കിരീടം' ഉൾപ്പെടെ പല ചിത്രങ്ങൾക്കും സംഗീതം ചെയ്യാൻ അവസരം ലഭിച്ചെങ്കിലും ഗൾഫിലെ ജോലിയും അവധിയും പ്രശ്നമായി അവസരം നഷ്ടപ്പെട്ടു. 50ഓളം സീരിയലുകൾക്കും ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40ഓളം ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഗൾഫിൽനിന്നു തിരിച്ചുവന്ന ശേഷം സിനിമ വിട്ട് ആൽബങ്ങളിലും മിനിസ്ക്രീൻ ഗാനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പരേതരായ ഭാരതി അമ്മയുടെയും പരമേശ്വരന്‍ ഉണ്ണിത്താന്റെയും മകനാണ്. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ. സുധീന്ദ്രന്‍, മീര. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.