മന്ത്രിയുടെ പോസ്റ്റ് വൈറലായി; യാസീനെ കാണാൻ സംഗീത സംവിധായകൻ രതീശ് വേഗയെത്തി
text_fieldsകായംകുളം: മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായപ്പോൾ പരിമിതികളെ അതിജയിച്ച കുഞ്ഞു യാസീനെ തേടി പ്രശസ്ത സംഗീത സംവിധായകൻ എത്തി. പുതുപ്പള്ളി പ്രയാർ വടക്ക് എസ്.എസ്. മൻസിൽ ഷാനവാസിന്‍റെയും ഷൈലയുടെയും മകൻ യാസീന്റെ (10) സർഗ വൈഭവം നേരിൽക്കാണാൻ പ്രശസ്ത സംഗീത സംവിധായകൻ രതീശ് വേഗയാണ് എത്തിയത്. അംഗപരിമിതനായ മുഹമ്മദ് യാസീന്റെ വിസ്മയ പ്രകടനത്തിന് മുന്നിൽ ശിരസ്സ് നമിച്ചാണ് അദ്ദേഹം മടങ്ങിയത്. യു. പ്രതിഭ എം.എൽ.എയും എത്തിയിരുന്നു.
പ്രയാർ കെ.എൻ.എം യു.പി സ്കൂളിലെ ചടങ്ങിൽ എത്തിയപ്പോഴാണ് ഇവിടെ വിദ്യാർഥിയായ യാസീനെ മന്ത്രി വി. ശിവൻകുട്ടി കാണുന്നത്. യാസിന്റെ കഴിവുകൾ ബോധ്യപ്പെട്ട മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇത് കുറിച്ചു. ജന്മന കൈകാലുകൾക്ക് വൈകല്യമുള്ള യാസീന്റെ കണ്ണുകെട്ടിയുള്ള കീബോർഡ് വായന ആരെയും അത്ഭുതപ്പെടുത്തും. കൂടാതെ മനോഹരമായ രീതിയിൽ നൃത്തവും ചെയ്യും.
നിരവധിപേരാണ് മന്ത്രിയുടെ പോസ്റ്റിന് ലൈക്കും ഷെയറുമായി എത്തിയത്. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയും ഇതിലാണ് പ്രതികരണവുമായി എത്തിയത്. യാസീനെ ലോകത്തെ അറിയിക്കാൻ കൂടെയുണ്ട് എന്നായിരുന്നു പ്രതികരണം. ഞായറാഴ്ച കായംകുളത്ത് എത്തിയ രതീശ് കീ ബോർഡിലെ യാസീന്റെ പ്രകടനത്തിൽ തൃപ്തനായാണ് മടങ്ങിയത്. കോവിഡ് കാലത്ത് പിതാവ് വാങ്ങിക്കൊടുത്ത 250 രൂപയുടെ ചെറിയ കളിപ്പാട്ട പിയാനയിലായിരുന്നു യാസീന്റെ പരിശീലനം. ഇപ്പോൾ ഏത് ഗാനങ്ങളും യാസീൻ കീബോർഡിൽ വായിക്കും.
നിരവധി സ്റ്റേജ് പരിപാടികളും ചാനൽ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കീബോർഡിൽ ദേശീയ ഗാനവും ദേശീയ ഗീതവും 2.58 മിനിറ്റിനുള്ളിൽ വായിച്ച റെക്കോഡും സ്വന്തമായുണ്ട്. ഇടതുകൈയും കാലും ഇല്ല, വലതുകൈ മുട്ടുവരെ മാത്രം. വളഞ്ഞ വലതുകാൽ രൂപത്തിൽ മാത്രം. എന്നാൽ, ഇതൊന്നും കുറവായി കാണാത്ത യാസീൻ സ്റ്റേജിൽ ആടിത്തിമിർക്കുന്ന നർത്തകൻ കൂടിയാണ്.
ഇതോടൊപ്പം പാട്ടുകാരനായും മിമിക്രിക്കാരനായും തിളങ്ങുന്നു. മൊബൈൽ കാഴ്ചകളിലൂടെയാണ് കഴിവുകൾ ഓരോന്നും സ്വായത്തമാക്കിയത്. മാതാപിതാക്കളുടെ ആത്മവിശ്വാസമാണ് യാസീന്‍റെ കഴിവുകളെ വികസിപ്പിച്ചത്. മകന്‍റെ ഏത് ആഗ്രഹവും സാധിക്കാൻ നിഴലായി മാതാവ് ഷൈല ഒപ്പമുണ്ട്. ഉമ്മയുടെ ഒക്കത്തേറിയാണ് എവിടേക്കുമുള്ള സഞ്ചാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.