മുസ്ലിം സമുദായ വോട്ട് എങ്ങോട്ട്?
text_fieldsകോഴിക്കോട്: നിർണായക ലോക്സഭ തെരഞ്ഞെടുപ്പിൽ കരുതലോടെ മുസ്ലിം സംഘടനകൾ. ഇൻഡ്യ മുന്നണിയിലെ കക്ഷികൾ പരസ്പരം കൊമ്പുകോർക്കുന്ന സംസ്ഥാനത്ത് പ്രധാനമായി രണ്ട് കാര്യങ്ങളാണ് സമുദായ സംഘടനകൾ പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാഷിസ്റ്റ് സർക്കാറിനെ താഴെയിറക്കി കെട്ടുറപ്പുള്ള ബദലിന് രൂപം കൊടുക്കാനുള്ള സാഹചര്യം ഒരുക്കലാണ് ഒന്ന്. അങ്ങനെ വന്നാൽ അതിന് നേതൃത്വം കൊടുക്കാൻ ദേശീയ പാർട്ടിയെ ശക്തിപ്പെടുത്തുക. നിലവിലെ സംസ്ഥാന സർക്കാറിന്റെ പ്രവർത്തന വിലയിരുത്തലാണ് സമുദായം പരിഗണിക്കുന്ന രണ്ടാമത്തെ കാര്യം. എൽ.ഡി.എഫ് സർക്കാർ എത്രത്തോളം സമുദായ സൗഹൃദമാണെന്ന കാര്യവും വിലയിരുത്തിയാകും ഇത്തവണത്തെ സമ്മതിദാനം വിനിയോഗിക്കൽ. കടുത്ത മത്സരം നടക്കുന്ന ചില മണ്ഡലങ്ങളിൽ സമുദായ സ്വാധീനം ഉറപ്പിക്കാൻ ഇരു മുന്നണികളും തുടക്കം മുതൽ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
പൗരത്വ വിഷയം തന്നെയാണ് സമുദായത്തെ ആകർഷിക്കാൻ എൽ.ഡി.എഫിന്റെ തുറുപ്പുചീട്ട്. വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിച്ച അഴകൊഴമ്പൻ നിലപാടിനെ ശക്തിയുക്തം വിമർശിച്ചാണ് പ്രാദേശിക നേതാക്കൾ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ പൊതുപരിപാടികളിൽ സമുദായ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്. എന്നാൽ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രാദേശിക തലത്തിൽ മാത്രം വേരുകളുള്ള രാഷ്ട്രീയ പാർട്ടികളെപ്പോലെ പ്രത്യക്ഷ നിലപാടെടുക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അധികാരത്തിലേറിയാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന പാർട്ടിയുടെ പ്രഖ്യാപിത നയം വ്യക്തമാക്കിയാണ് കോൺഗ്രസ് ഇതിനെ നേരിടുന്നത്. മാത്രവുമല്ല, തമിഴ്നാട്ടിലും ബംഗാളിലും ത്രിപുരയിലും സി.പി.എം കോൺഗ്രസിനൊപ്പമാണെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു. സി.എ.എ സമരക്കാർക്കെതിരെ സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ചൂണ്ടിക്കാട്ടി സി.പി.എം നിലപാട് കാപട്യമെന്നും അവർ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ മുസ്ലിം സംഘടനകൾ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ സി.പി.എമ്മിനാകുന്നുമില്ല. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സി.എ.എ വീണ്ടും വിഷയമായപ്പോൾ ആഭ്യന്തര വകുപ്പിനെതിരെ സമുദായത്തിനകത്ത് അതൊരു നീറ്റലായി അവശേഷിക്കുകയാണ്. കടുത്ത കേസുകൾ മാത്രമാണ് പിൻവലിക്കാത്തതെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വിശദീകരിക്കുമ്പോൾ അത്തരം കേസുകൾ എടുത്ത പൊലീസ് നിലപാടും സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നുണ്ട്.
റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് അനുകൂലമായ കോടതി വിധി, ഇക്കാര്യത്തിൽ പ്രോസിക്യൂഷനുണ്ടായ വീഴ്ച, ആലപ്പുഴയിലെ ഷാൻ വധക്കേസ് ഇഴഞ്ഞുനീങ്ങുന്നതിനൊപ്പം രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലുണ്ടായ അതിവേഗ കോടതി വിധി, രണ്ട് കേസുകളിലും പൊലീസ് സ്വീകരിച്ച ഇരട്ടത്താപ്പ്, എലത്തൂർ സ്ഫോടന കേസ് സമുദായത്തിനെതിരെ വഴിതിരിച്ചുവിടുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ താൽപര്യം, ഈരാറ്റുപേട്ടയിൽ മുസ്ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് കേസെടുത്ത സംഭവം, ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച ഏകപക്ഷീയ നിലപാട് തുടങ്ങി ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലേറ്റുന്ന നിരവധി സംഭവങ്ങളിൽ സമുദായത്തിനകത്ത് അതൃപ്തി പുകയുന്നുണ്ട്. കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥികൂടിയായ ആനിരാജക്ക് വിമർശിക്കേണ്ടിവന്ന സാഹചര്യവും പ്രതിപക്ഷം പ്രചാരണായുധമാക്കുന്നുണ്ട്. അതോടൊപ്പം, സംഘ്പരിവാർ അനുകൂലികൾ പ്രതിസ്ഥാനത്തുള്ള പല വിദ്വേഷ പ്രചാരണങ്ങളിലും പൊലീസ് സ്വീകരിക്കുന്ന അനങ്ങാപ്പാറ നയവും മറിച്ചുള്ള സംഭവങ്ങളിൽ കാണിക്കുന്ന അമിതാവേശവും പല വിഷയങ്ങളിലും ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നതിൽ പൊലീസ് നേരിട്ട് പങ്കാളികളാകുന്ന സാഹചര്യവും മുസ്ലിം ലീഗ് അടക്കമുള്ളവർ ഉയർത്തിക്കാട്ടുന്നത് സമുദായ സ്വാധീനമുള്ള പ്രദേശങ്ങളിൽ ഭരണവിരുദ്ധ വികാരമുണ്ടാക്കുന്നുണ്ട്. സംവരണ നഷ്ടമുണ്ടാക്കുന്ന നടപടികൾ, ചില സ്കോളർഷിപ്പുകൾ ഇല്ലാതായത്, വഖഫ് ബോർഡ് നിയമനത്തിൽ കൈകടത്താനുള്ള ശ്രമം തുടങ്ങി സംസ്ഥാന സർക്കാറിന്റെ നടപടികളിൽ സമുദായത്തിനകത്ത് നിലനിൽക്കുന്ന അതൃപ്തി തെരഞ്ഞെടുപ്പിൽ നിഴലിക്കുമെന്നാണ് സൂചനകൾ. സമുദായത്തിന് ആശ്വാസകരമായതും തൃപ്തിപ്പെടുത്തുന്നതുമായ എടുത്തുപറയത്തക്ക ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
സമുദായത്തിലെ ഏറ്റവും പ്രബല സംഘടനയായ സമസ്ത കേരള ജംഇയ്യതുൽ ഉലമ തെരഞ്ഞെടുപ്പിൽ പ്രത്യേക നിലപാട് പ്രഖ്യാപിക്കാറില്ല. എന്നാൽ, ജിഫ്രി തങ്ങൾ അധ്യക്ഷനായ ശേഷം മുസ്ലിം ലീഗിനോട് മാത്രം ചേർന്നുനിന്നുള്ള സമീപനത്തിൽ മാറ്റം വരുകയും അത് ലീഗ് രാഷ്ട്രീയത്തിൽ അലയൊലികൾ സൃഷ്ടിക്കുകയും ചെയ്തു. മുസ്ലിം ലീഗ് വിമർശകരായ സമസ്തയിലെ ഒരുവിഭാഗം സമീപകാലത്ത് ഇടതുപക്ഷത്തോട് സൗഹൃദം സ്ഥാപിച്ചത് മുതലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിൽനിന്ന് പുറത്താക്കിയ കെ.എസ്. ഹംസയെ എൽ.ഡി.എഫ് പൊന്നാനിയിൽ സ്ഥാനാർഥിയാക്കിയത്. പൊന്നാനിയിൽ സമസ്തയിലെ ലീഗ് വിരുദ്ധ വോട്ടുകൾ ഹംസക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, ഇത് സമദാനിയുടെ വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. സുന്നി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പതിവുപോലെ ഇത്തവണയും ലീഗ് സ്ഥാനാർഥികൾക്കുണ്ടാകില്ല. അതേസമയം, മറ്റു മണ്ഡലങ്ങളിൽ ഇര മുന്നണികൾക്കുമായി പോകും. മുജാഹിദ് വിഭാഗങ്ങൾ മുൻകാലങ്ങളെപ്പോലെ യു.ഡി.എഫിനൊപ്പമാകും.
വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എസ്.ഡി.പി.ഐ പിന്തുണ കോൺഗ്രസ് നിരസിച്ചെങ്കിലും ദേശീയ സാഹചര്യം മുൻനിർത്തിയാണ് തീരുമാനമെന്നതിനാൽ നിലപാട് മാറ്റേണ്ട കാര്യമില്ലെന്നാണ് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാനം. ബി.ജെ.പി ഭീഷണി ഉയർത്തുന്ന തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ കൂടുതൽ ജയസാധ്യതയുള്ള സ്ഥാനാർഥികളെ പിന്തുണക്കുന്ന തീരുമാനമാണ് മഹല്ല് ജമാഅത്ത് കേന്ദ്രങ്ങൾ സ്വീകരിക്കുന്നത്.
ജുമുഅ നിർവഹിക്കുന്നതിന് പ്രത്യേക സംവിധാനം
കോഴിക്കോട്: വോട്ടെടുപ്പ് ജുമുഅ ദിവസമായ വെള്ളിയാഴ്ചയായതിനാൽ നിരവധി മഹല്ല് കമ്മിറ്റികൾ പ്രാർഥന സമയം ക്രമീകരിക്കാൻ തീരുമാനിച്ചു. ഒരു പ്രദേശത്തെ വിവിധ പള്ളികൾ വ്യത്യസ്ത സമയക്രമം പാലിച്ച് വോട്ട് ചെയ്യുന്നവർക്കും പോളിങ് ഏജന്റുമാർക്കും പ്രാർഥന സൗകര്യം ഒരുക്കും.
ജുമുഅയിൽ പങ്കെടുക്കുന്നത് വോട്ട് വിനിയോഗിക്കുന്നതിന് തടസ്സം സൃഷ്ടിക്കാത്ത വിധമാണ് പള്ളികളിലെ സമയക്രമീകരണം. കഴിഞ്ഞ ജുമുഅ ഖുതുബയിൽ സമ്മതിദാനാവകാശം സൂക്ഷ്മതയോടെ നിർവഹിക്കേണ്ടതിന്റെ ആവശ്യകത ഖതീബുമാർ എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അനിവാര്യ സാഹചര്യത്തിൽ ജുമുഅ ഒഴിവാക്കുന്നതിനും തടസ്സമില്ലെന്ന് ഖതീബുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.