പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ
text_fieldsകോഴിക്കോട്: സാമുദായിക ധ്രുവീകരണമുണ്ടാക്കും വിധം നടത്തിയ പ്രസ്താവന പിൻവലിക്കാൻ പാലാ ബിഷപ് തയാറാകണമെന്ന് കോഴിക്കോട് നടന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നീ പ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭരണകൂടം സന്നദ്ധമാകണം. ബിഷപ്പിെൻറ വിഷയത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമത നിന്ദയുള്ള ഏതു പ്രവൃത്തിയേയും തള്ളാനും സാഹോദര്യം നിലനിർത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന പരാമർശം പാലാ ബിഷപ്പിെൻറ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. പ്രസ്താവന ലക്ഷ്യംവെച്ചത് മുസ്ലിം സമുദായത്തെയാണെന്ന് വ്യക്തമായിട്ടും പക്വതയോടെയുള്ള സമീപനമാണ് സമുദായ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. അതേ നാണയത്തിൽ തിരിച്ചടിക്കുന്ന രീതി അവലംബിച്ചില്ല. സമാന പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്നും ആവർത്തിച്ചുകൂടെന്ന് യോഗം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങളുണ്ടാകുേമ്പാൾ സർക്കാർ നോക്കിനിൽക്കുന്നത് ഭൂഷണമല്ല. കീഴ്വഴക്കമനുസരിച്ച് നടപടിയെടുക്കണം. സർവകക്ഷി യോഗം വിളിക്കുന്നത് സ്വാഗതാർഹമാണ്. സംവരണ വിഷയത്തിൽ സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്ന ആവശ്യം നേരത്തെ മുസ്ലിം സംഘടനകൾ ഉന്നയിച്ചതാണ്. മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി ഉന്നയിക്കുകയും ധർണ നടത്തുകയും ചെയ്തു. രണ്ടു മാസമായിട്ടും വിഷയത്തിൽ പ്രതികരണമില്ലാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തിയതായി സാദിഖലി തങ്ങൾ വ്യക്തമാക്കി.
സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.എം.എ. സലാം, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ (മുസ്ലിം ലീഗ്), ഡോ. കെ.എം. ബഹാഉദ്ദീൻ നദ്‌വി, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ (സമസ്ത), ടി.പി. അബ്ദുല്ലകോയ മദനി, ഡോ. എ.ഐ. മജീദ് സ്വലാഹി, ഹുസൈൻ മടവൂർ (കേരള നദ്വതുൽ മുജാഹിദീൻ), പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), സി.എ. മൂസ മൗലവി, ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), അബ്ദുല്ലത്വീഫ് മദനി, ടി.കെ. അശ്റഫ് (വിസ്ഡം), ഡോ. ഐ.പി. അബ്ദുസ്സലാം (മർകസുദ്ദഅ്വ), ഹാശിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമാ ഹിന്ദ് ), ഖാസിമുൽ ഖാസിമി (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), സൈനുൽ ആബിദീൻ, മുഹമ്മദ് കോയ എൻജിനീയർ (എം.എസ്.എസ്), ഇ.പി അശ്റഫ് ബാഖവി, ഹാശിം ബാഫഖി തങ്ങൾ (കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ), ഡോ. സൈതു മുഹമ്മദ് (മെക്ക) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.