മുസ്ലിം ലീഗിന് അതൃപ്തി
text_fieldsനിലമ്പൂർ: മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ കോൺഗ്രസിൽ ഉണ്ടായ തർക്കത്തിൽ മുസ്ലിം ലീഗിന് അതൃപ്തി. മൂന്ന് പതിറ്റാണ്ടിനുശേഷം നഷ്ടപ്പെട്ട നിലമ്പൂർ മണ്ഡലം ഉൾപ്പെടെ തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ സജീവ ശ്രമത്തിന് തിരിച്ചടിയാവുമോ എന്നാണ് ആശങ്ക. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് പക്ഷവും ആര്യാടൻ ഷൗക്കത്ത് പക്ഷവും തമ്മിലുള്ള തർക്കം യു.ഡി.എഫ് സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. കരുളായി, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളിൽ കോൺഗ്രസ് അംഗങ്ങൾ രാജിഭീഷണി മുഴക്കിയതും ലീഗിനെ ആശങ്കയിലാക്കി.
വഴിക്കടവിൽ 23 അംഗ ഭരണസമിതിയിൽ സി.പി.എം 10, കോൺഗ്രസ് ആറ്, ലീഗ് ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. വൈസ് പ്രസിഡന്റ് ഉൾപ്പടെ കോൺഗ്രസിലെ ആറ് അംഗങ്ങളും പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയിരിക്കുകയാണ്.
കരുളായിൽ സി.പി.എം ആറ്, സി.പി.ഐ ഒന്ന്, കോൺഗ്രസ് നാല്, ലീഗ് നാല് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെയും കോൺഗ്രസ് അംഗങ്ങൾ രാജിഭീഷണി അറിയിച്ചിട്ടുണ്ട്. രാജിവെച്ചാൽ രണ്ട് പഞ്ചായത്തുകളിലും യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടും. സമാഗതമായ പാർലമെന്റ് തെരഞ്ഞെടുപ്പിനെയും ഗ്രൂപ്പിസം ബാധിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് അണികളെ ശക്തിപ്പെടുത്തുന്നതിനിടെയാണ് കോൺഗ്രസിലെ ഗ്രൂപ് പോര് എന്നത് ലീഗിനെ അലോസരപ്പെടുത്തുന്നു.
മൂത്തേടം, ചുങ്കത്തറ ഉൾപ്പെടെ പഞ്ചായത്തുകളിൽ ഉൾപ്പോര് രൂക്ഷമാണ്. നിലമ്പൂരിലെ പുതിയ ആറ് മണ്ഡലം പ്രസിഡന്റുമാർ ജോയ് പക്ഷക്കാരാണ്. മൂന്നുപേരാണ് ഷൗക്കത്ത് പക്ഷത്തുള്ളത്. മണ്ഡലം ഭാരവാഹികൾ ചേർന്ന് നിർദേശിച്ച പേര് വെട്ടി മാറ്റി ജില്ല നേതൃത്വം സ്വന്തക്കാരെ മണ്ഡലം പ്രസിഡന്റുമാരായി അവരോധിച്ചുവെന്ന ആരോപണവുമായാണ് തർക്കം തുടങ്ങിയത്. രണ്ടിടങ്ങളിൽ കോൺഗ്രസ് മണ്ഡലം ഓഫിസിന് രണ്ട് പൂട്ടുവീണത് യു.ഡി.എഫിനും നാണക്കേടായെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
സംസ്ഥാന കോൺഗ്രസിനകത്തെ എ, ഐ ഗ്രൂപ്പുകളുടെ ശക്തി കുറഞ്ഞതും കെ.സി. വേണുഗോപാൽ ഗ്രൂപ് ശക്തരായി മാറിയതും നിലമ്പൂരിലും പ്രതിഫലിച്ചു. പഴയ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖർ നിലവിൽ കെ.സിക്കൊപ്പമാണ്. ജില്ലയിൽ കോൺഗ്രസിന്റെ തലപ്പെത്തുള്ള ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ്, എ.പി. അനിൽകുമാർ തുടങ്ങിയവർ വേണുഗോപാലിനൊപ്പമാണ് നീങ്ങുന്നത്. നേതാക്കൾ മറുപക്ഷത്താണെങ്കിലും ജില്ലയിൽ മണ്ഡലം നേതാക്കളും അണികളിൽ ഭൂരിഭാഗവും ഷൗക്കത്തിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.