മലബാറിലെ വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കണം -മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് പലതവണ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളാണ് ഇതുവഴി ഇല്ലാതാകുന്നത്.
അഡീഷനൽ ബാച്ചുകളും ഡിവിഷനുകളും സീറ്റുകളും വർധിപ്പിച്ച് ഇത് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്ലസ് വൺ, ബിരുദ പ്രവേശനങ്ങളിൽ മെറിറ്റ് ക്വോട്ട പൂർത്തിയാക്കുന്നതിനുമുമ്പ് കമ്യൂണിറ്റി ക്വോട്ടയിലെ അഡ്മിഷൻ നടപടികൾ അവസാനിപ്പിച്ച് സംവരണ അട്ടിമറി നടത്തുകയാണ് സർക്കാർ. രണ്ടാം അലോട്ട്മെന്റ് അഡ്മിഷന് മുമ്പുതന്നെ സംവരണ സീറ്റിൽ പ്രവേശനം നടത്തി മെറിറ്റിൽ പരിഗണിക്കേണ്ട വിദ്യാർഥികളുടെ അവസരം കൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു.
വലിയ സംവരണ അട്ടിമറിയാണിത്. മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട കുട്ടികൾപോലും സംവരണ ക്വോട്ടയിലേക്ക് തള്ളപ്പെടുകയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. വിഴിഞ്ഞം ഹാർബർ നിർമാണവുമായി ബന്ധപ്പെട്ട് തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കുണ്ടായ തൊഴിൽ നഷ്ടത്തിന് പരിഹാരം കാണണം. വീടുകൾ നഷ്ടപ്പെടുന്നവരെ അവരുടെ ഉപജീവനത്തിന് തടസ്സം വരാത്ത രീതിയിൽ ഉചിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ ചെന്നൈയിൽ നടത്താൻ തീരുമാനിച്ചതായും സലാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.