കെ.ടി. ജലീൽ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നു; മുസ്‍ലിം ലീഗ്
text_fieldsമലപ്പുറം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് കെ.ടി. ജലീൽ എം.എൽ.എയുടെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണ്. മുസ്‍ലിം സമൂഹമാണ് കള്ളക്കടത്ത് നടത്തുന്നതെന്നാണ് ജലീൽ പറയുന്നത്. ബി.ജെ.പി നേതാക്കൾ പോലും അങ്ങനെ പറയില്ലെന്നും പി.എം.എ. സലാം കുറ്റപ്പെടുത്തി.
കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമല്ല, കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്ത് നടക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയ നിലനിൽപിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാൻ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നിൽ സ്വാർഥ താൽപര്യവും സി.പി.എമ്മിനെ തൃപ്തിപ്പെടുത്തലുമാണെന്നും പി.എം.എ. സലാം ആരോപിച്ചു.
കെ.ടി ജലീലിന്റെ നിലപാട് പാർട്ടി നിലപാടാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും മുസ്‍ലിം ലീഗ് നേതാവ് കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ കൂടുതലും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണെന്ന് ആവർത്തിച്ച് കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. സ്വർണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയാറാവണം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‍കരണവും പുരോഗതിയുമാണ് മുസ്‍ലിം സമുദായത്തിൽ നടത്താൻ മലപ്പുറം പ്രേമികൾ ഉദ്ദേശിക്കുന്നതെന്നും കെ.ടി. ജലീൽ ചോദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.