സലാമിനെ തുണച്ചത് സംഘടന പാടവം
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിൽ പ്രതീക്ഷിച്ചതുതന്നെയാണ് സംഭവിച്ചത്. അധ്യക്ഷസ്ഥാനത്ത് ഒരുവർഷം പൂർത്തിയാക്കിയ സാദിഖലി തങ്ങൾ തുടരുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. എന്നാൽ, പി.എം.എ. സലാമിനെ ജനറൽ സെക്രട്ടറിയാക്കുന്ന കാര്യത്തിൽ ഒരുവിഭാഗം നേതാക്കൾക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. പരസ്യ പ്രതികരണത്തിന് ആരും തയാറായിരുന്നില്ലെങ്കിലും ഡോ. എം.കെ. മുനീറിനെ രംഗത്തിറക്കി സലാം തുടരുന്നത് തടയാൻ ഒരുവിഭാഗം നടത്തിയ ശ്രമങ്ങൾ സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ചടുലമായ നീക്കങ്ങളിൽ നിഷ്പ്രഭമായി. എം.കെ. മുനീറിന് നിയമസഭകക്ഷി ഉപനേതാവാണെന്ന കാരണത്താൽ ഭാരവാഹി സ്ഥാനം നൽകിയില്ല.
പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന രീതിയിലായിരുന്നു തുടക്കത്തിൽ കാര്യങ്ങളുണ്ടായിരുന്നത്. എന്നാൽ, കെ.എം. സീതിസാഹിബ് മുതൽ കെ.പി.എ. മജീദ് വരെയുള്ള മുതിർന്ന നേതാക്കൾ വഹിച്ച ജനറൽ സെക്രട്ടറി സ്ഥാനം സലാമിനെ ഏൽപിക്കുന്നതിൽ മുതിർന്ന ചില നേതാക്കൾക്കുതന്നെ നീരസമുണ്ടായി. ഹരിത വിഷയം ഉൾപ്പെടെ കൈകാര്യം ചെയ്തതിൽ സലാമിന്റെ ഭാഗത്തുനിന്ന് അവധാനത ഉണ്ടായില്ലെന്ന പ്രചാരണവുമുണ്ടായിരുന്നു. എം.എസ്.എഫിലൂടെയും യൂത്ത് ലീഗിലൂടെയുമാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടതെങ്കിലും ഇടക്കാലത്ത് പാർട്ടി വിട്ട് ഐ.എൻ.എൽ നേതൃത്വത്തിൽ എത്തിയ സലാം 2011ലാണ് വീണ്ടും പാർട്ടിയുടെ ഭാഗമായത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്നു കരുതിയെങ്കിലും അന്ന് ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ. മജീദ് തിരൂരങ്ങാടി സീറ്റ് ചോദിച്ചു വാങ്ങിയപ്പോൾ അനുനയത്തിന്റെ ഭാഗമായാണ് ജനറൽ സെക്രട്ടറിയുടെ ചുമതല സലാമിന് നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചുമതല മറ്റേതെങ്കിലും മുതിർന്ന നേതാവിനെ ഏൽപിക്കുമെന്ന് ഒരുവിഭാഗം നേതാക്കൾ കരുതിയിരുന്നെങ്കിലും അംഗത്വ കാമ്പയിൻ അടുത്ത സാഹചര്യത്തിൽ സലാമിനുതന്നെ അവസരം നൽകുകയായിരുന്നു. പുതിയ കൗൺസിലിൽ നേതൃമാറ്റം പ്രതീക്ഷിച്ചിരുന്നവരാണ് സലാമിനെതിരെ ചരടുവലികൾ നടത്തിയത്. എന്നാൽ, പാർട്ടിയെ ജനകീയമാക്കുന്നതിലും ചലിപ്പിക്കുന്നതിലും ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കാലത്ത് പി.എം.എ. സലാം നടത്തിയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സലാമിനുവേണ്ടി മറുവിഭാഗം കരുക്കൾ നീക്കി. വഖഫ് പ്രക്ഷോഭം വൻ വിജയമാക്കിയത് ഉൾപ്പെടെ പാർട്ടിക്ക് ഉണർവുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളും അംഗത്വ കാമ്പയിൻ വിജയകരമായി പൂർത്തീകരിച്ചതും സലാമിന് ഗുണമായി. എല്ലാറ്റിലുമുപരി, സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയും വിശ്വസ്തതയാർജിച്ച്, അവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിച്ചതും അനുകൂല ഘടകമായി.
മുതിർന്ന ചില നേതാക്കളെ മുന്നിർത്തി എം.കെ. മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന പ്രചാരണം ശക്തമായതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് വെള്ളിയാഴ്ച ജില്ല ഭാരവാഹികളുടെ ഇംഗിതമറിയാൻ അവരെ സാദിഖലി തങ്ങളെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. സാദിഖലി തങ്ങളുടെകൂടി താൽപര്യത്തിന് മുൻഗണന നൽകുംവിധമായിരുന്നു ജില്ല ഭാരവാഹികളുടെ പ്രതികരണം. പി.എം.എ. സലാമിനെ ജനറൽ സെക്രട്ടറിയാക്കുന്നതിൽ ആരും വിയോജിപ്പ് പ്രകടിപ്പിച്ചതുമില്ല. എങ്കിലും, കൗൺസിൽ യോഗം നടന്ന ശനിയാഴ്ചയും മുതിർന്ന നേതാക്കളുമായി സാദിഖലി തങ്ങൾ കൂടിയാലോചനകൾ നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്.
ഇക്കാര്യം മുനീറിനെ തങ്ങൾ ബോധ്യപ്പെടുത്തുകയും അദ്ദേഹം തങ്ങളുടെ തീരുമാനത്തോടൊപ്പം നിൽക്കുകയുമായിരുന്നു. അതേസമയം, പ്രഖ്യാപനമുണ്ടായശേഷം മുനീർ ക്യാമ്പിൽ അതൃപ്തി പ്രകടമായിരുന്നു. ഇതിന്റെ അനുരണനങ്ങൾ തുടർന്നും പാർട്ടിയിൽ ബാക്കിയാകും. സാദിഖലി തങ്ങൾ, പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി ത്രയങ്ങൾ ഇതിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചാകും പാർട്ടിയുടെ ആഭ്യന്തര ഭദ്രത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.