ഹരിതപതാക താഴ്ത്തി മുസ്ലിം ലീഗ് ആസ്ഥാനം; സൗമ്യസാന്നിധ്യം ഇനിയില്ല
text_fieldsകോഴിക്കോട്: സൗമ്യസാരഥിയുടെ വിയോഗത്തിൽ ഹരിതപതാക താഴ്ത്തി ശോകമൂകമായി മുസ്ലിം ലീഗ് കാര്യാലയം. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾ വിടപറഞ്ഞതോടെ കോഴിക്കോട്ടെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആളനക്കമില്ലാതെയായി. ആ സൗമ്യമായ സാന്നിധ്യം ഇനിയിവിടെയില്ല. ഓഫിസ് മുറ്റത്ത് സ്പീക്കർ സെറ്റിൽ നിന്ന് ഖുർ ആൻ പാരായണമുണ്ട്. സദാ പാറിപ്പറക്കുന്ന പാർട്ടി പതാക ആദരസൂചകമായി താഴ്ത്തിക്കെട്ടി. കോഴിക്കോട്ട് മറ്റെന്ത് ആവശ്യത്തിന് എത്തിയാലും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ലീഗ് ഹൗസിൽ തന്നെയാണ് എത്തുക.
ഇവിടത്തെ ജീവനക്കാരുമായും പതിവായി ഇവിടെയുണ്ടാവാറുള്ള പ്രവർത്തകരുമായൊക്കെ ഹൃദ്യമായ സൗഹൃദം സൂക്ഷിച്ച നേതാവാണ് വിടപറഞ്ഞിരിക്കുന്നത്. ലീഗ് ഹൗസ് പ്രൗഢിയോടെ നവീകരിച്ചത് കഴിഞ്ഞ വർഷമാണ്. അതിന്റെ രൂപകൽപനയിലും നിർമാണത്തിലുമൊക്കെ തങ്ങൾ താൽപര്യപൂർവം ഇടപെട്ടു.
എൻജിനീയറും ആർകിടെക്ടുമായൊക്കെ അദ്ദേഹം നേരിട്ട് സംസാരിച്ചു. കാലത്തിനനുസരിച്ച പാർട്ടി ഓഫിസ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഭക്ഷണത്തിലൊക്കെ ലാളിത്യം തങ്ങളുടെ മുഖമുദ്രയായിരുന്നുവെന്ന് ലീഗ് ഹൗസ് ജീവനക്കാരനായ എം.വി. സിദ്ദീഖ് അനുസ്മരിച്ചു. എത്ര വലിയ ഭക്ഷണ വിരുന്നുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോഴും ഭക്ഷണത്തിന് അദ്ദേഹം ലീഗ് ഹൗസിലെത്തും. ഭക്ഷണത്തിനുണ്ടാവുമെന്ന് നേരത്തെ അറിയിക്കും. കുറച്ചെ ഭക്ഷണം കഴിക്കൂ. നന്നായി വെന്ത ചോറും ചെറിയ മീനും മോരുമൊക്കെയാണ് പ്രിയം.
കോഴിക്കോട്ടെ പൊരിച്ചുണ്ടയും പരിപ്പുവടയുമൊക്കെ ഇഷ്ടമായിരുന്നു. ജീവനക്കാർ എല്ലാം ലീഗ് ഹൗസിലേക്കെത്തിക്കും. 22 ഓളം ജീവനക്കാരുണ്ടിവിടെ. എല്ലാവരുമായും വ്യക്തിപരമായ അടുപ്പം കാത്തുവെച്ചു ഈ നേതാവ്. കാണാൻ വരുന്നവരെയൊക്കെ കേൾക്കും. സ്കൂൾ കാലത്തെ കൂട്ടുകാരൊക്കെ തങ്ങൾ ഇവിടെയുണ്ടെന്നറിഞ്ഞാൽ കാണാൻ വരും.
ആർക്കും വിലക്കില്ലിവിടെ. പരിസരത്തെ മൂന്നാലിങ്ങൽ പള്ളിയുടെ പ്രസിഡന്റ് ആയിരുന്നു ഹൈദരലി തങ്ങൾ. ലീഗ് ഹൗസിലെത്തിയാൽ അവിടെയാണ് നമസ്കാരത്തിന് പോവുക. പള്ളിയുടെ നവീകരണത്തിന് നേരിട്ട് അദ്ദേഹം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.