'ഹരിത'യെ തള്ളാനും കൊള്ളാനുമാകാതെ മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വം 'ഹരിത' പ്രശ്നം കൈകാര്യം ചെയ്തതു സംബന്ധിച്ച് പാർട്ടിക്കകത്ത് കടുത്ത ഭിന്നത. പോഷക സംഘടനകളായ യൂത്ത്ലീഗ്, എം.എസ്.എഫ് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ഇതുസംബന്ധിച്ച വിവാദം കത്തുകയാണ്.
എം.എസ്.എഫും ഹരിതയും സജീവമായ മലബാറിലെ കാമ്പസുകളിലാകട്ടെ സ്ത്രീ, പുരുഷ സമത്വത്തിെൻറ തലങ്ങളിലേക്കാണ് ചർച്ച പുരോഗമിക്കുന്നത്. മുസ്ലിം ലീഗ് നേതൃത്വത്തിലെ ഭൂരിഭാഗവും മാനസികമായി ഹരിതക്കൊപ്പമാണ്. യൂത്ത് ലീഗും ഹരിതയെ തള്ളിപ്പറഞ്ഞിട്ടില്ല.
എം.എസ്.എഫിലെ പി.കെ. നവാസ് വിഭാഗം ഒഴിച്ചുള്ളവർ ഹരിതക്കൊപ്പമാണ്. പാണക്കാട് സാദിഖലി തങ്ങൾ എം.എസ്.എഫ് പ്രസിഡൻറ് പി.കെ. നവാസിനെ ശക്തമായി പിന്തുണക്കുന്നതിനാൽ ആരും പരസ്യ പ്രതികരണത്തിന് മുതിരുന്നില്ലെന്ന് മാത്രം.
ഇപ്പോൾ ആരോപണവിേധയനായ പി.കെ. നവാസ് എം.എസ്.എഫ് നേതൃത്വത്തിൽ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീയത കെട്ടടങ്ങാതെ നിൽക്കുന്നതിനിടെയാണ് ഹരിത വിവാദം. യൂത്ത്ലീഗിെൻറ വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻറായിരുന്ന നവാസിനെ കീഴ്വഴക്കങ്ങൾ കാറ്റിൽപറത്തി എം.എസ്.എഫ് പ്രസിഡൻറാക്കി അവരോധിക്കുന്നത് സാദിഖലി തങ്ങളുടെ താൽപര്യപ്രകാരമാണെന്ന് മറുവിഭാഗം ആരോപിക്കുന്നു.
ഭൂരിഭാഗം ജില്ല കമ്മിറ്റികളും എതിരായിട്ടും ഏകപക്ഷീയമായാണ് നവാസ് അവരോധിതനാകുന്നത്. ഇതേ സമീപനം തന്നെയാണ് ഹരിതയുടെ മലപ്പുറം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിലുമുണ്ടായത്. ഹരിത ജന. സെക്രട്ടറി നജ്മ തബ്ഷീറക്കായിരുന്നു മലപ്പുറം കമ്മിറ്റി രൂപവത്കരണ ചുമതല. എന്നാൽ, ഇവരെ നോക്കുകുത്തിയാക്കി സാദിഖലി തങ്ങളുടെയും പി.കെ. നവാസിെൻറയും താൽപര്യപ്രകാരം കമ്മിറ്റിയെ പ്രഖ്യാപിക്കുകയായിരുന്നുവത്രെ. ഇതാണ് ഹരിതയും എം.എസ്.എഫും തമ്മിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.
ഈ പ്രശ്നം ചർച്ച ചെയ്യാൻ ജൂൺ 24ന് കോഴിക്കോട് ചേർന്ന എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതിയിൽ 40ഓളം ആൺകുട്ടികൾക്കൊപ്പം ഹരിതയുടെ പ്രതിനിധിയായി ജന. സെക്രട്ടറി നജ്മ തബ്ഷീറ മാത്രമാണ് പങ്കെടുത്തത്. ഇത്രയും ആൺകുട്ടികളുടെ മുന്നിലിട്ടാണ് അപകീർത്തികരമായ കമൻറുമായി നജ്മയെ നവാസ് സംസാരിക്കാൻ ക്ഷണിച്ചത്. നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ ചില എം.എസ്.എഫ് ഭാരവാഹികൾ ഹരിത നേതാക്കളെ അപമാനിച്ചതിനൊപ്പം ഈ സംഭവവും ചേർന്നപ്പോൾ അത് പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു.
മുസ്ലിം ലീഗിൽ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കൾക്ക് പ്രശ്നം കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തിയുണ്ട്. എം.എസ്.എഫ് ദേശീയ നേതൃത്വം ഹരിതക്കൊപ്പമാണ്. സംസ്ഥാന കമ്മിറ്റിയിലാകട്ടെ, രണ്ട് ചേരികൾ അങ്കം വെട്ടുകയാണ്.
ഹരിതയുടെ പതിറ്റാണ്ടിെൻറ പ്രവർത്തനങ്ങൾ കാമ്പസുകളിലെ പെൺകുട്ടികൾക്കിടയിൽ എം.എസ്.എഫിന് ശക്തമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി കോഴിക്കോട് നടന്ന എം.എസ്.എഫിെൻറ സംസ്ഥാന സമ്മേളന വേദിയിൽ ഹരിത പ്രവർത്തകർ നിറഞ്ഞ സാന്നിധ്യമായിരുന്നു.
സി.എ.എ പ്രക്ഷോഭത്തിലടക്കം ഹരിതയുടെ സജീവ സാന്നിധ്യമുണ്ടായി. പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകേണ്ട വിഭാഗത്തെ അകറ്റി നിർത്തുന്നതിലൂടെ സ്ത്രീപക്ഷത്തിെൻറ പിന്തുണയാണ് നഷ്ടപ്പെടുത്തുന്നതെന്ന് ഹരിത അനുകൂലികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.