അധിക സീറ്റുകളുടെ കാര്യത്തിൽ കടുംപിടിത്തമില്ലാതെ മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: സീറ്റ് വിഭജന ചർച്ചകൾക്ക് യു.ഡി.എഫ് തുടക്കം കുറിച്ചെങ്കിലും മുസ്ലിംലീഗിെൻറ കാര്യത്തിൽ അവസാനവട്ട ചർച്ചകളിലാകും അന്തിമ തീരുമാനമുണ്ടാവുക.
പ്രാഥമിക ചർച്ച കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നെങ്കിലും മറ്റു കക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയാക്കിയ ശേഷം അന്തിമ ചർച്ചയാകാം എന്നാണ് ധാരണ.
ഏഴു സീറ്റുകളെങ്കിലും അധികം വേണമെന്ന് ലീഗ് താൽപര്യപ്പെടുന്നുണ്ടെങ്കിലും പരമാവധി മൂന്നു സീറ്റുകൾ ലഭിക്കാനാണ് സാധ്യത. അധിക സീറ്റുകളുടെ കാര്യത്തിൽ ലീഗിന് കടുംപിടിത്തമുണ്ടാകില്ല.
യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറയും എൽ.ജെ.ഡിയുടെയും സീറ്റുകളാണ് വീതംവെക്കാനുള്ളത്. നിലവിൽ 24 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഒഴിവുവരുന്ന സീറ്റുകൾ വിഭജിക്കുേമ്പാൾ മലബാറിൽ കൂത്തുപറമ്പിലും പട്ടാമ്പിയിലും തെക്ക് ഇരവിപുരവുമാണ് ലീഗിെൻറ കണ്ണ്.
കൂത്തുപറമ്പ് ലീഗിന് നൽകാൻ ധാരണയായിട്ടുണ്ട്. കഴിഞ്ഞതവണ മാണി ഗ്രൂപ് മത്സരിച്ച പേരാമ്പ്ര കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ നാദാപുരം ലഭിക്കണമെന്നും ലീഗ് ആഗ്രഹിക്കുന്നു.
എറണാകുളത്ത് കളമശ്ശേരിക്കുപുറമെ നേരത്തേ സകരിയ്യ സേട്ടുവും ഹംസക്കുഞ്ഞും ഇബ്രാഹിം കുഞ്ഞും മത്സരിച്ചു ജയിച്ച കൊച്ചി മണ്ഡലം (പഴയ മട്ടാഞ്ചേരി മണ്ഡലം) ലഭിക്കണമെന്ന ആവശ്യവും ലീഗിനുണ്ട്. തളിപ്പറമ്പ്, സംവരണ സീറ്റായ ചേലക്കര എന്നിവക്കുപുറമെ തിരുവനന്തപുരത്ത് ഒരു സീറ്റും ലീഗിെൻറ ആവശ്യമാണ്.
സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയ ശേഷമേ ലീഗ് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കൂ. ഇത്തവണ ഒരു സീറ്റിൽ വനിതയെ മത്സരിപ്പിക്കാൻ തീരുമാനമുണ്ട്. അത് കോഴിക്കോടാണെങ്കിൽ അഡ്വ. നൂർബിന റഷീദിനും മലപ്പുറത്താണെങ്കിൽ സുഹ്റ മമ്പാടിനുമാണ് സാധ്യത.
'96ൽ ഖമറുന്നിസ അൻവർ കോഴിക്കോട് സൗത്തിൽ മത്സരിച്ച ശേഷം ലീഗ് വനിതകൾക്ക് സീറ്റ് നൽകിയിരുന്നില്ല. യൂത്ത് ലീഗ് പ്രതിനിധിയായി ജന. സെക്രട്ടറി പി.കെ. ഫിറോസ് സീറ്റുറപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.