'ആ ഭൂമി വിറ്റ പണം കൊണ്ടാണ് ലീഗ് നേതാവിന്റെ പേരിലുള്ള കോളജ് പണിതത്'; വഖഫ് പ്രശ്നം നീട്ടിക്കൊണ്ടുപോയതിൽ ഉത്തരവാദിത്തം മുസ്‌ലിം ലീഗിന് -മന്ത്രി വി.അബ്ദുറഹിമാൻ
text_fieldsകോഴിക്കോട്: മുനമ്പം വഖഫ് പ്രശ്നം പുതിയ സംഭവമല്ലെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് റഷീദലി തങ്ങളുടെ കാലത്താണ്. ആ കാലഘട്ടത്തിൽ അവിടത്തെ ആളുകളുടെ യോഗം വിളിച്ച് അന്നത്തെ വഖഫ് ചെയർമാന് കാര്യങ്ങൾ പറയാമായിരുന്നു.
ഈ ഭൂമി വിറ്റ പണം കൊണ്ടാണ് ലീഗ് നേതാവിന്റെ പേരിലുള്ള കോളജ് പണിതത്. പ്രശ്നം നീട്ടിക്കൊണ്ടുപോയതിന്റെ പൂർണ ഉത്തരവാദിത്തം ലീഗിനാണ്. അതിന് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് കൃത്യമായ തെളിവുമുണ്ട്. വഖഫാണെന്ന് അറിഞ്ഞുകൊണ്ട് ഭൂമി രജിസ്റ്റർ ചെയ്തുകൊടുത്തത് ഫാറൂഖ് കോളജാണ്. അവർ ശ്രദ്ധിക്കേണ്ടതായിരുന്നു. പാവങ്ങൾ ചിലർ ഇതിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അവരെ എങ്ങനെ രക്ഷിക്കാനാവുമെന്നും അവർക്ക് അവിടെ സ്ഥിരമായി താമസിക്കാൻ സാധ്യമാക്കുന്നത് എങ്ങനെയെന്നുമാണ് സർക്കാർ നോക്കുന്നത്.
ഇപ്പോൾ കേസ് ഹൈകോടതി പരിധിയിലായതിനാലും ഇലക്ഷൻ നിയന്ത്രണമുള്ളതിനാലും വിശദമായി പറയാനാവില്ല. മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. കാര്യം വിശദമായി ചർച്ച ചെയ്യും. പ്രതിപക്ഷ ഉപനേതാവൊക്കെ ആരോപണമുയർത്തുമ്പോൾ എല്ലാറ്റിനും രേഖയുണ്ടെന്ന കാര്യം മറന്നുപോവരുത്.
സ്ഥലത്തിന് സർക്കാർ നികുതി സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ വഖഫ് ബോർഡിൽ രണ്ട് അംഗങ്ങളായ മായിൻ ഹാജിയും സൈനുദ്ദീനുമാണ് പ്രതിഷേധക്കുറിപ്പ് നൽകിയതെന്നത് രേഖയാണ്. ഇപ്പോൾ പ്രശ്നം ഉയർത്തിക്കൊണ്ടുവരുന്നതിൽ പലർക്കും പല കാര്യവുമുണ്ടാവുമെങ്കിലും രാഷ്ട്രീയ, വർഗീയ പ്രശ്നമല്ല നിയമ പ്രശ്നം മാത്രമേ സംഭവത്തിലുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.