ഇ. അഹമ്മദിന്‍റെ റെക്കോഡ് തകർന്നില്ല
text_fieldsകോഴിക്കോട്: കാൽ നൂറ്റാണ്ടിലധികം ലോക്സഭയിൽ സാന്നിധ്യമായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ ഇ. അഹമ്മദ് നേടിയ റെക്കോഡ് ഭൂരിപക്ഷം പിൻഗാമി പി.കെ കുഞ്ഞാലിക്കുട്ടിക്ക് തകർക്കാനായില്ല. 2014ൽ അഹമ്മദിന് മലപ്പുറം നൽകിയ 1,94,739 വോട്ട് ഭൂരിപക്ഷം സംസ്ഥാന ചരിത്രത്തിലെ റെക്കോഡായിരുന്നു. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 1,71,023 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
കുഞ്ഞാലിക്കുട്ടിക്ക് 5,15,330ഉം എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിന് 3,44,307ഉം വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് 65,675 വോട്ടാണ് ലഭിച്ചത്. അഹമ്മദിന്‍റെ റെക്കോഡിലെത്താൻ കുഞ്ഞാലിക്കുട്ടിക്ക് 23,716 വോട്ട് കൂടി വേണ്ടിയിരുന്നു.
1991 മുതൽ 1999 വരെ മഞ്ചേരിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് 2004ൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിലേക്ക് മാറി. എന്നാൽ, 2009ലും 2014ലും മഞ്ചേരി പേര് മാറിയുണ്ടായ മലപ്പുറത്ത് നിന്നും അഹമ്മദ് വിജയം ആവർത്തിച്ചു. അനാരോഗ്യം വകവെക്കാതെ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ സജീവമായിരുന്ന അഹമ്മദ്, എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ സൈനബയെ ആണ് 2014ൽ പരാജയപ്പെടുത്തിയത്.
2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ടി.കെ ഹംസയെയാണ് 1,15,597 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അഹമ്മദ് പരാജയപ്പെടുത്തിയത്. അഹമ്മദിന് 4,27,940ഉം ഹംസക്ക് 3,12,343ഉം വോട്ടുകൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.